
Web Desk
ക്ഷേത്രത്തിൽ കയറി വെള്ളം കുടിച്ചെന്നാരോപിച്ച് മുസ്ലീം ബാലനെ യുവാവ് ക്രൂരമായി മർദ്ദിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. ശ്രിങ്ങി നന്ദൻ യാദവ് എന്ന യുവാവാണ് കുട്ടിയെ ക്രൂരതയ്ക്കിരയാക്കിയതെന്ന് ഇംഗ്ലീഷ് മാധ്യമമായ ‘ദി ലോജിക്കൽ ഇന്ത്യൻ’ റിപ്പോർട്ട് ചെയ്തു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
വീഡിയോയിൽ നന്ദൻ യാദവ് കുട്ടിയോട് പേര് ചോദിക്കുന്നതാണ് കാണുന്നത്. കുട്ടി തന്‍റെ പേര് പറഞ്ഞയുടനെ യാദവ് ഇവനെ മർദ്ദിക്കാൻ ആരംഭിക്കുകയായിരുന്നു. കുട്ടിയുടെ കൈ പിടിച്ച് തിരിക്കുന്നതും, ചവിട്ടുന്നതും അടിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് നന്ദൻ യാദവിനെ ഗാസിയാബാദ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതി ബിഹാറിലെ ഭാഗൽപുർ സ്വദേശിയാണെന്നും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തെന്നും പോലീസ് വ്യക്തമാക്കി. പ്രതി നിലവിൽ കസ്റ്റഡിയിലാണ് ഉള്ളതെന്നും അധികൃതർ പറഞ്ഞു.
വെള്ളം കുടിച്ചതിന്‍റെ പേരിൽ കുട്ടിയെ മർദ്ദിച്ച സംഭവത്തിന്‍റെ വീഡിയോ പ്രചരിച്ചതോടെ സോഷ്യൽമീഡിയിൽ രൂക്ഷ പ്രതികരണമായിരുന്നു ഉയർന്നത്. പ്രതിയ്ക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആളുകൾ ആവശ്യപ്പെടുന്നതിനിടെയാണ് വീഡിയോയുടെ അടിസ്ഥാനത്തിൽ നന്ദൻ യാദവിനെ അറസ്റ്റ് ചെയ്തതായി പോലീസ് വ്യക്തമാക്കിയത്.