
newsdesk
കോഴിക്കോട്: കൗണ്ടിങ് സ്‌റ്റേഷനുകളിലെ മുറികള്‍ തുറക്കരുതെന്ന് കര്‍ശന നിര്‍ദേശം. സീല്‍ ചെയ്യാത്ത മുറികളും തുറക്കരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സ്‌ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ചു.
ഏതെങ്കിലും തരത്തിലുള്ള വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാണെങ്കില്‍ വോട്ടെണ്ണല്‍ കഴിഞ്ഞ് രണ്ട് ദിവസം കൂടി സമയമുണ്ടെന്നും ആ സമയത്ത് ചെയ്താല്‍ മതിയെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. ഇനി ഏതെങ്കിലും വോട്ടെണ്ണല്‍ കേന്ദ്രത്തിലെ മുറി തുറന്നാല്‍ കര്‍ശന നടപടി നേരിടേണ്ടിവരുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കി.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെയും പാലക്കാട് ജില്ലയിലെ നെന്മാറയിലെയും സ്‌ട്രോങ് റൂം തുറന്നത് വിവാദമായിരുന്നു. പേരാമ്പ്രയില്‍ വോട്ടെടുപ്പിന് ശേഷം പേരാമ്പ്ര മണ്ഡലത്തിലെ ഇവിഎമ്മുകളും വിവിപാറ്റുകളും അതോടൊപ്പം വരണാധികാരി സൂക്ഷിക്കേണ്ട പ്രിസൈഡിംഗ് ഓഫീസര്‍ ഡയറി ഉള്‍പ്പെടെയുള്ള രേഖകളും ജെഡിടിയിലേക്ക് പൊലീസ് സംരക്ഷണത്തില്‍ കൊണ്ടുവന്നിരുന്നു. ഇവിഎമ്മുകളും വിവിപാറ്റുകളും കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സ്ട്രോംഗ് റൂമിലാണ് കേന്ദ്ര നിരീക്ഷകരുടെയും സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരിക്കുന്നത്. ഈ മുറി പിന്നീട് തുറന്നിട്ടില്ല.
എന്നാല്‍ റിട്ടേണിംഗ് ഓഫീസര്‍ കൈവശം വയ്ക്കേണ്ട രേഖകള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയിലുള്ള മെറ്റീരിയല്‍ റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് സീല്‍ ചെയ്ത മുറിയല്ല. കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം എന്‍കോര്‍ സോഫ്റ്റ് വെയറിലെ വിവരങ്ങള്‍ പരിശോധിച്ച് അന്തിമമായി അപ്രൂവ് ചെയ്യേണ്ട തീയതി ഏപ്രില്‍ 20 ആയിരുന്നു. ഇതിന്റെ ഭാഗമായി എന്‍കോറിലെ വിവരങ്ങളുമായി പേരാമ്പ്ര മണ്ഡലത്തിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരുടെ ഡയരിയിലെ വിവരങ്ങള്‍ ഒത്തുനോക്കി അപ്ഡേറ്റ് ചെയ്യുന്നതിനു വേണ്ടിയാണ് ഈ മുറി ഏപ്രില്‍ 20ന് തുറന്നത്.
മുറി തുറക്കുന്ന വേളയില്‍ എല്‍ഡിഎഫിനെ പ്രതിനിധീകരിച്ച് എ കെ മുഹ്സിന്‍, യുഡിഎഫിനെ പ്രതിനിധീകരിച്ച് ശഹ്സാദ് കെ എന്നിവര്‍ സ്ഥലത്ത് സന്നിഹിതരായിരുന്നു. രേഖകളുടെ പരിശോധന കഴിഞ്ഞ് ഈ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്കു ശേഷം 1.50ന് മുറി പൂട്ടുകയും ചെയ്തു. ഇ.വി.എമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ചിരിക്കുന്ന സീല്‍ ചെയ്ത മുറികള്‍ തുറന്നിട്ടില്ലെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.