
ആലപ്പുഴ/പാലക്കാട്: സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ച് കൊവിഡ് കൂടുതൽ പേരിലേക്ക്. പാലക്കാട് ഒരു അഡ്വക്കേറ്റിനും ചേര്‍ത്തലയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചു. കൂടുതൽ പേര് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച സാഹചര്യത്തിൽ എറണാകുളം കൂത്താട്ടുകുളം നഗരസഭ പരിധിയിൽ ബുധനാഴ്ച വൈകിട്ട് വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ആലപ്പുഴ ചേർത്തല നഗരത്തിൽ വീണ്ടും ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ചേർത്തല തെക്കെ അങ്ങാടിയിലെ ഫ്രൂട്ട്സ് വ്യാപാരിക്കും ഭാര്യയ്ക്കും, മകനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുടെ മറ്റൊരു മകനും കുടുംബവും ക്വാറന്റീനിലാണ്. നഗരസഭ മുപ്പതാം വാർഡ് അർത്തുങ്കൽ ബൈപ്പാസിന് സമീപത്ത് താമസിക്കുന്ന ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല. അതുകൊണ്ട് തന്നെ ആരോഗ്യപ്രവർത്തകർ ആശങ്കയിലാണ്. ഇവരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നത് പുരോഗമിക്കുകയാണ്.
പാലക്കാട് ഒരു അഭിഭാഷകന് കൊവിഡെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹം ഹാജരായ പാലക്കാട് അതിവേഗ കോടതിയും ചിറ്റൂർ മുൻസിഫ് കോടതിയും അടച്ചു. ഇദ്ദേഹത്തിന്റെയും സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്. അതേ സമയം എറണാകുളം കൂത്താട്ടുകുളം നഗരസഭ പരിധിയിൽ ബുധനാഴ്ച വൈകിട്ട് വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇവിടെ 3 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ പേർ രോഗലക്ഷണം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് നടപടി.