newsdesk
കൊയിലാണ്ടി (കോഴിക്കോട്)∙ മേപ്പയൂർ ചങ്ങരംവള്ളിയിൽനിന്ന് ഇന്നലെ കാണാതായ യുവതിയുടെ മൃതദേഹം മുത്താമ്പി പുഴയിൽ കണ്ടെത്തി. കോട്ടക്കുന്നുമ്മൽ സുമയുടെ മകൾ സ്നേഹാഞ്ജലിയുടെ (24) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെ 6 മണിയോടെയാണ് സ്നേഹാഞ്ജലിയെ കാണാതായത്. തുടർന്ന് ബന്ധുക്കൾ മേപ്പയൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.
ഇന്നലെ വൈകിട്ട് നാല് മണിയോടുകൂടി ഒരാൾ പുഴയിൽ ചാടിയതായി സംശയമുണ്ടെന്ന് തോണിക്കാർ അറിയിച്ചതിന്റെ ഭാഗമായി കൊയിലാണ്ടി പൊലീസും അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
സ്നേഹാഞ്ജലിയുെട വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായും കുറച്ചു ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായും വിവരമുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്കാശുപത്രിയിൽ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)