
newsdesk
സംസ്ഥാനത്ത് ഷിഗെല്ല ബാധിതരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കനത്ത ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഷിഗെല്ല രോഗത്തെക്കുറിച്ച് മനസിലാക്കുകയും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കുകയും ചെയ്യണം.
എന്താണ് ഷിഗെല്ല
ദഹന വ്യവസ്ഥിതിയെ കീഴടക്കുന്ന ഒരു തരം ബാക്ടീരിയകളുടെ കൂട്ടമാണ് ഷിഗെല്ല. ഇവ വന്‍കുടലിനെ ബാധിക്കുന്നതും വളരെ വേഗത്തില്‍ പടരുന്നതുമായ ഒരു പകര്‍ച്ചവ്യാധിയാണ്. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഈ രോഗം പ്രധാനമായും പകരുന്നത്. ശരിയായ സമയത്ത് പ്രതിരോധവും ചികിത്സയും ലഭിച്ചില്ലെങ്കില്‍ ഇത് മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ അവസ്ഥയായി മാറാം.
അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഷിഗെല്ല ബാക്ടീരിയ ഏറ്റവും വേഗത്തില്‍ പടരാന്‍ സാധ്യത. അംഗണവാടികള്‍ സ്‌കൂളുകള്‍ ശിശു സംരക്ഷണകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും രോഗം വേഗത്തില്‍ പടരാന്‍ സാധ്യതയുണ്ട്.
രോഗലക്ഷണങ്ങള്‍
കടുത്ത വയറിളക്കം, മലത്തില്‍ രക്തത്തിന്റെയോ കഫത്തിന്റെയോ സാന്നിധ്യം, വയറുവേദന, കടുത്ത പനി, ഛര്‍ദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഒട്ടും സമയം കളയാതെ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണം.
രോഗവ്യാപനം ഇങ്ങനെ:
രോഗബാധിതനായ ഒരു വ്യക്തിയുടെ മലത്തിലൂടെ പുറന്തള്ളപ്പെടുന്ന ബാക്ടീരിയകള്‍ മറ്റൊരാളുടെ ശരീരത്തില്‍ എത്തുമ്പോഴാണ് ഈ രോഗം പടരുന്നത്. ഷിഗെല്ല ബാക്ടീരിയ കലര്‍ന്ന കിണറ്റിലെവെള്ളം, മറ്റ് ജലാശങ്ങളിലെ വെള്ളം എന്നിവ തിളപ്പിക്കാതെ കുടിക്കുന്നതിലൂടെയും രോഗം പടരും.
രോഗബാധയുള്ളവര്‍ വൃത്തിയായി കൈ കഴുകാതെ ഭക്ഷണം പാകം ചെയ്യുകയോ വിളമ്പുകയോ ചെയ്യുമ്പോളും രോഗം പടരാന്‍ സാധ്യതയുണ്ട്.
ശുദ്ധമല്ലാത വെള്ളം ഉപയോഗിച്ച് കഴുകിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിലൂടെ രോഗം പിടിപെടാം.
രോഗിയായ വ്യക്തിയെ പരിചരിക്കുമ്പോഴോ കുട്ടികളുടെ ഡയപ്പര്‍ മാറ്റുമ്പോഴോ കൈകള്‍ സോപ്പിട്ട് കഴുകാതിരുന്നാല്‍ അണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കാം.
തുറസായ സ്ഥലങ്ങളില്‍ മലവിസര്‍ജനം നടത്തുമ്പോള്‍ ഈച്ചകള്‍ വഴി ബാക്ടീരിയകള്‍ ഭക്ഷണത്തിലും വെള്ളത്തിലും കലരുന്നു.
രോഗാണുക്കള്‍ അടങ്ങിയ സ്വിമ്മിംഗ് പൂളുകളിലോ തടാകങ്ങളിലോ കുളത്തിലോ കുളിക്കുമ്പോള്‍ വെള്ളം അകത്തു പോയാല്‍ രോഗം വരാം
രോഗബാധ തടയാന്‍ ചെയ്യേണ്ടത്:
കൈകള്‍ ഇടയ്ക്കിടെ വൃത്തിയായി കഴുകി സൂക്ഷിക്കുക.
ചെറിയ കുട്ടികള്‍ കൈ കഴുകുമ്പോള്‍ മുതിര്‍ന്നവര്‍ ഒരു മേല്‍നോട്ടം വഹിക്കുക.
രോഗിയുടെ മലവും മറ്റു വിസര്‍ജ്യങ്ങളും പറ്റിയ തുണികള്‍ വേണ്ടത്ര അവധാനതയോടെ കൈകാര്യം ചെയ്യുക.
അണുനാശിനികള്‍ ഉപയോഗിച്ച് രോഗികളുടെ വസ്ത്രങ്ങള്‍ വൃത്തിയാക്കുക.
വയറിളക്കം ഉള്ള വേളകളില്‍ നിങ്ങള്‍ പാചകം ചെയ്യുന്നതില്‍ നിന്നും, ആഹാരപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നും വിട്ടുനില്‍ക്കുക.
വയറിളക്കം ഉള്ള സമയങ്ങളില്‍ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പറഞ്ഞയയ്ക്കാതെ വീട്ടില്‍ തന്നെ സംരക്ഷിക്കുക.
പൊതു കുളങ്ങളില്‍ നിന്നും കിണറുകളില്‍ നിന്നും സ്വിമ്മിങ് പൂളുകളില്‍ നിന്നും വെള്ളം വയറ്റിനുള്ളില്‍ ചെല്ലാതിരിക്കാന്‍ ശ്രദ്ധിക്കുക.
കുടിവെള്ളം തിളപ്പിച്ചാറിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
ആഹാരം പാചകം ചെയ്യുന്നതിനും പാത്രങ്ങള്‍ കഴുകുന്നതിനും ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുക.
കൃത്യമായ ഇടവേളകളില്‍ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്തുക.
അതാത് കാലഘട്ടങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക