
Web Desk
ബഫർ സോൺ വിഷയത്തിലെ സുപ്രീം കോടതി ഉത്തരവിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താലിനിടെ വയനാട്ടിലും നിലമ്പൂരിലും വാഹനങ്ങൾ തടഞ്ഞു. വയനാട്ടിൽ കൽപ്പറ്റ, ലക്കിടി എന്നിവിടങ്ങളിലാണ് വാഹനങ്ങൾ തടഞ്ഞത്. കൽപ്പറ്റയിൽ കെഎസ്ആർടിസി ബസുകളും ഹർത്താൽ അനുകൂലികൾ തടഞ്ഞു. നിലമ്പൂരിൽ വാഹനങ്ങൾ തടഞ്ഞവരെ പൊലീസെത്തി നീക്കി. ഇടുക്കി ജില്ലയില്‍ കടകൾ തുറന്നിട്ടില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിൽ ഉണ്ട്. ദീർഘദൂര കെഎസ്ആർടിസി സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നുണ്ട്. കുമളി അതിർത്തി വഴി വാഹനങ്ങൾ കടത്തി വിടുന്നുണ്ട്.
ബഫർ സോൺ വിഷയത്തിൽ വയനാട്, ഇടുക്കി ജില്ലകളിലും മലപ്പുറം ജില്ലയുടെ മലയോര മേഖലകളിലും യുഡിഎഫാണ് ഇന്നു ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. കഴിഞ്ഞ ദിവസങ്ങളിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇടുക്കിയില്‍ പൊലീസ് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. നിലമ്പൂര്‍ നഗരസഭയിലും കരുവാരകുണ്ട്, കാളികാവ്, ചോക്കാട്, കരുളായി, മൂത്തേടം, വഴിക്കടവ്, പോത്തുകല്ല്, ചാലിയാര്‍, മമ്പാട്, എടവണ്ണ, ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് പരിധികളിലുമാണ് മലപ്പുറം ജില്ലയിലെ ഹര്‍ത്താല്‍.