
newsdesk
കോഴിക്കോട്: ആറ് ദിവസത്തെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാക്കി കുറയ്ക്കുന്ന വിഷയത്തില്‍ സർവീസ് സംഘടനകളുടെ അഭിപ്രായവും നിർദേശവും തേടുന്നതിനായുള്ള ഉന്നതതല യോഗം വെള്ളിയാഴ്ച ചേരും. സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലാണ് യോഗം ചേരുക.
ഡിസംബർ 5 വെള്ളിയാഴ്ച ഓണ്‍ലൈൻ ആയിട്ടാണ് യോഗം നടക്കുക. യോഗത്തില്‍ പങ്കെടുക്കുന്നതിന് മുൻപായി സർവീസ് സംഘടനകള്‍ക്ക് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഇമെയില്‍ വഴി മുൻകൂട്ടി അറിയിക്കാൻ സർക്കാർ നിർദ്ദേശം നല്‍കിയിട്ടുണ്ട്.സംഘടനകളുടെ നിലപാട് വ്യക്തമാക്കുന്നതിനും പ്രായോഗികമായ നിർദേശങ്ങള്‍ സമർപ്പിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.
പ്രവൃത്തി ദിനങ്ങളുടെ എണ്ണം ആഴ്ചയില്‍ അഞ്ചായി കുറയ്ക്കുന്നതിനെ സർക്കാർ ജീവനക്കാരുടെ സംഘടനകള്‍ പൊതുവെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും ചില വ്യവസ്ഥകള്‍ അവർ മുന്നോട്ട് വെക്കുന്നുണ്ട്. ശനിയാഴ്ച കൂടി അവധി ലഭിച്ചാലും, നിലവില്‍ ജീവനക്കാർക്ക് ലഭിക്കുന്ന മറ്റ് യാതൊരുവിധ ആനുകൂല്യങ്ങളും വിട്ടുകൊടുക്കാൻ കഴിയില്ലെന്ന ശക്തമായ നിലപാടിലാണ് സംഘടനകള്‍. ആഴ്ചയില്‍ രണ്ട് ദിവസം അവധി എന്ന ആവശ്യം ഏറെക്കാലമായി ജീവനക്കാരുടെ ഭാഗത്തുനിന്നും ഉയരുന്ന ഒന്നാണ്.