
newsdesk
താമരശ്ശേരി: സമൂഹമാധ്യമത്തിൽ ആരോഗ്യ മന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിൽ താമരശ്ശേരി സ്വദേശിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തേറ്റമ്പുറ സ്വദേശി വിപിനെതിരെയാണ് നടപടി.
കെ.പി.സി.സി അംഗം പി.സി. ഹബീബ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താമരശ്ശേരി പോലീസ് കേസ് എടുത്തത്. നിപ വിഷയവുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താസമ്മേളനവുമായി ബന്ധപ്പെട്ട വാർത്തയ്ക്ക് താഴെയായിരുന്നു വിവാദ കമന്റ് പ്രത്യക്ഷപ്പെട്ടത്.
ആരോഗ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും രാഷ്ട്രീയ അന്തരീക്ഷം തകർക്കുന്നതുമായ രീതിയിലാണ് കമന്റ് രേഖപ്പെടുത്തിയതെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പരാതിയിൽ പ്രാഥമികമായി വസ്തുതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബി.എൻ.എസ് 192 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തതെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ ഉടൻ ചോദ്യം ചെയ്യുമെന്നും താമരശ്ശേരി പോലീസ് വ്യക്തമാക്കി.