
newsdesk
തിരുവമ്പാടി : പുല്ലൂരാംപാറയിലെ മലഞ്ചരക്ക് കടയിൽ മോഷണം നടത്തിയ കേസിലെ മൂന്നാം പ്രതിയെക്കൂടി തിരുവമ്പാടി പോലീസ് പിടികൂടി. വയനാട് അമ്പലവയൽ സ്വദേശി അഷ്റഫലിയാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ കൂടരഞ്ഞി സ്വദേശി രാജു, പാലക്കാട് മണ്ണാർക്കാട് സ്വദേശി മോഹനൻ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
കഴിഞ്ഞ മാസം 23-ആം തീയതി പുലർച്ചെ രണ്ട് മണിയോടെയായിരുന്നു പുല്ലൂരാംപാറയിലെ മലഞ്ചരക്ക് കടയിൽ വൻ മോഷണം നടന്നത്. കടയിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയോളം വിലവരുന്ന കൊട്ടടക്ക, കാപ്പിക്കുരു, ജാതിക്ക, ജാതിപത്രി എന്നിവയാണ് പ്രതികൾ കവർന്നത്.
കേസിലെ മുഖ്യപ്രതികളായ കൂടരഞ്ഞി സ്വദേശി രാജു, മണ്ണാർക്കാട് സ്വദേശി മോഹനൻ എന്നിവരെ കഴിഞ്ഞ മാസം 29-ന് തന്നെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതോടെയാണ് മൂന്നാം പ്രതിയെക്കുറിച്ച് സൂചന ലഭിക്കുന്നത്. മോഷണസാധനങ്ങൾ ഗുഡ്സ് ഓട്ടോയിൽ കടത്താൻ സഹായിച്ചത് വയനാട് അമ്പലവയൽ സ്വദേശിയായ അഷ്റഫലിയാണെന്ന് പോലീസ് കണ്ടെത്തി. തുടർന്ന് വയനാട്ടിലെത്തിയാണ് തിരുവമ്പാടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മോഷണക്കേസിലെ ഒന്നും രണ്ടും പ്രതികളായ രാജുവും മോഹനനും നിരവധി മോഷണക്കേസുകളിൽ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇതിൽ രണ്ടാം പ്രതിയായ മോഹനൻ, മാവൂരിൽ മോഷണം നടത്തുന്നതിനിടെ ഉണ്ടായ ഒരു കൊലപാതകക്കേസിലും പ്രതിയാണ്.
തിരുവമ്പാടി പോലീസ് ഇൻസ്പെക്ടർ പ്രശാന്ത് കെ., എസ്.ഐ ജെയ്സൺ ദേവസ്യ, എസ്.സി.പി.ഒ സുബാഷ് മഠത്തിൽ, സുമേഷ്, ഫൈസൽ, സുബീഷ്, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.