തെരുവ് നായ ശല്ല്യം: മാവൂരിൽ കർശന നടപടികളുമായി ഗ്രാമപഞ്ചായത്ത്

മാവൂർ: ഗ്രാമപഞ്ചായത്ത് പരിധിയിൽ തെരുവ് നായ ശല്ല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി മാവൂർ ഗ്രാമപഞ്ചായത്ത്. ഇത് സംബന്ധിച്ച് ജനപ്രതിനിധികളും ആരോഗ്യപ്രവർത്തകരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുത്ത അടിയന്തര സംയുക്ത യോഗത്തിലാണ് നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചറുടെ അധ്യക്ഷതയിലായിരുന്നു യോഗം.


നായ്ക്കളുടെ വന്ധ്യംകരണത്തിനായി (ABC) മാവൂരിൽ പോർട്ടബിൾ സെന്റർ സ്ഥാപിക്കാൻ യോഗം തീരുമാനിച്ചു. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിനായി ‘ഗ്രാസിം’ ഭാരവാഹികളുമായി ചർച്ച നടത്താൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


പഞ്ചായത്ത് പരിധിയിലുള്ള എല്ലാ വളർത്തുനായ്ക്കൾക്കും ലൈസൻസും കൃത്യമായ പ്രതിരോധ കുത്തിവെപ്പുകളും നിർബന്ധമാക്കി. ലൈസൻസില്ലാതെ നായ്ക്കളെ വളർത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. വളർത്തുനായ്ക്കളെ പൊതുജനങ്ങൾക്ക് ഭീഷണിയാകും വിധം അലക്ഷ്യമായി പൊതുസ്ഥലങ്ങളിൽ തുറന്നുവിടുന്ന ഉടമസ്ഥർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് മുന്നറിയിപ്പ് നൽകി.

പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് സി.പി. കൃഷ്ണൻ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.പി. അഹമ്മദ്, ഗീതാമണി, ഉമാദേവി, പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ, വെറ്റിനറി സർജൻ ഡോ. ബിന്ധ്യ ഹനീഷ്, എച്ച്.ഐ. പ്രജിത്ത്, വിവിധ വാർഡ് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!