ചങ്ങല വീണു; ഇനി ട്രോളിങ് ഒഴിഞ്ഞ 52 നാൾ

കൊല്ലം: ആഴക്കടലിന്റെ ആവാസവ്യവസ്ഥക്ക് ആശ്വാസം നൽകി, മൺസൂൺകാല ട്രോളിങ് നിരോധനത്തിന് തുടക്കം. ചൊവ്വാഴ്ച അർധരാത്രി 12ന് മുഴങ്ങിയ സൈറണും നീണ്ടകര പാലം ബന്ധിച്ച് ഉയർന്ന ചങ്ങലയും 52 നാൾ നീണ്ട ട്രോളിങ് രഹിത മത്സ്യബന്ധനകാലത്തിന് ആരംഭമിട്ടു.

യന്ത്രവത്കൃത ബോട്ടുകൾ മത്സ്യബന്ധനതുറമുഖങ്ങൾ ഒഴിഞ്ഞ് നീണ്ടകര പാലത്തിനപ്പുറം അഷ്ടമുടിതീരങ്ങളിലേക്ക് നങ്കൂരമിട്ടു എന്ന് ഉറപ്പാക്കിയാണ് ഫിഷറീസ് അധികൃതരുടെ നേതൃത്വത്തിൽ ചങ്ങല ബന്ധിച്ച് നിരോധനകാലയളവിന് തുടക്കമിട്ടത്.

ഇനി ജൂലൈ 31 വരെ കടലിൽ യന്ത്രവത്കൃതമല്ലാത്ത പരമ്പരാഗതവള്ളങ്ങളിലും ഇൻബോർഡ് വള്ളങ്ങളിലും മാത്രമാണ് മത്സ്യബന്ധനം നടത്താനാകുക. മറൈൻ എൻഫോഴ്സ്മെന്റ്, ഫിഷറീസ് വകുപ്പ്, പൊലീസ് എന്നിവയിലെ ഉദ്യോഗസ്ഥർ നിരോധനം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും.

ശക്തികുളങ്ങര, തങ്കശ്ശേരി ഹാർബർ, അഴീക്കൽ എന്നിവിടങ്ങളിൽ നിന്ന് പട്രോളിങ്ങും ഉണ്ടാകും. കൊല്ലം സബ് കലക്ടറുടെ ഏകോപനത്തിലാണ് തീരദേശങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!