
സുശാന്ത് സിംഗിന്‍റെ മരണം അന്വേഷിക്കാനെത്തിയ പാറ്റ്ന എസ്പി ബിനയ് തിവാരിയെ മുംബൈ കോർപ്പറേഷൻ 14 ദിവസത്തേക്ക് ക്വാറന്‍റീൻ ചെയ്തിരുന്നു. ഐപിഎസ് ഓഫീസറെ ബലം പ്രയോഗിച്ച് ക്വാറന്‍റീൻ ചെയ്യുകയായിരുന്നെന്ന് ബിഹാർ ഡിജിപി ട്വീറ്റ് ചെയ്തു. സുശാന്തിന്‍റെ കുടുംബം പാറ്റ്നയിൽ നൽകിയ പരാതി അന്വേഷിക്കാൻ ബിഹാർ പൊലീസ് മുംബൈയിൽ എത്തിയത് മുതൽ തുടങ്ങിയ തർക്കമാണ് പുതിയ തലത്തിലേക്ക് കടക്കുന്നത്. മുംബൈയിൽ കേസന്വേഷണം നടത്തുന്ന സംഘത്തെ നയിക്കാനാണ് എസ്പി ബിനയ് തിവാരി ഇന്നലെ വൈകീട്ടോടെ എത്തിയത്.കേസുമായി ബന്ധപ്പെട്ട പോസ്റ്റ്മോർട്ടം റിപ്പോർട്ട് പോലും നൽകാതെ അന്വേഷണത്തോട് നിസഹകരിക്കുകയാണ് മുംബൈ പൊലീസ്. ഇതിനെല്ലാം ഇടയിലാണ് പുതിയ പ്രകോപനം. സ്ഥിതി കൂടുതൽ സങ്കീർണമാവുന്ന സാഹചര്യത്തിൽ രാത്രിയോടെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ്, മുംബൈ പൊലീസ് കമ്മീഷണർ, മഹാരാഷ്ട്രാ ഡിജിപി എന്നിവരുടെ യോഗം വിളിച്ചു.