വടകരയിൽ പനിയും ഛർദ്ദിയും ബാധിച്ച് പതിനാറുകാരി മരിച്ചു

വടകര: പനിയും ഛർദിയും ബാധിച്ച് പതിനാറുകാരി മരിച്ചു. വടകര അടിക്കാത്തെരുവിലെ പി പി ഹൗസിൽ ഫൈസലിന്റെയും സലൂജയുടെയും മകൾ ധാന ഇസാൻ ആണ് മരിച്ചത്. സ്വാകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പതിനാറ് വയസായിരുന്നു. ചോറോട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർത്ഥിനിയാണ്.

ജനുവരി 11ന് പനിയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ ചികിത്സ തേടുകയും പിന്നീട് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. അവിടെ തീവ്ര ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ഇന്ന് പുലർച്ചെ മരണം സംഭവിച്ചത്.

ഭക്ഷ്യ വിഷബാധയാണോ മരണകാരണമെന്ന് സംശയിക്കുന്നു. വടകര പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സ്ഥിരീകരിക്കുന്നതിനായി തുടർ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

error: Content is protected !!