തൂഫാൻ ഗോൾസിലൂടെ ലഹരിക്കെതിരെ ദയാപുരം

ചാത്തമംഗലം: ഫിഫ ലോകകപ്പ് ഫുട്ബാളിന്‍റെ ആവേശത്തോടൊപ്പം വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവത്കരണം ശക്തിപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ‘വൺ മില്ല്യൺ തൂഫാൻ ഗോൾസ്’ പദ്ധതിയിൽ ദയാപുരം റസിഡൻഷ്യൽ സ്കൂൾ വിദ്യാർഥികൾ പങ്കാളികളായി.സ്കൂൾ അസംബ്ലി ഗ്രൗണ്ടിൽ സംഘടിപ്പിച്ച പരിപാടി കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ബാലു കെ. അജിത് തൂഫാൻ ഗോൾ അടിച്ച് ഉദ്ഘാടനം ചെയ്തു.

കുട്ടികളെയും യുവജനങ്ങളെയും ലഹരിവസ്തുക്കളിൽ നിന്ന് അകറ്റി കായികരംഗത്തേക്കും ആരോഗ്യകരമായ വിനോദങ്ങളിലേക്കും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സർക്കാർ പദ്ധതി നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഉയർന്ന ധാർമിക മൂല്യങ്ങൾ പുലർത്തുന്ന വിദ്യാർഥികൾ പോലും വിവിധ ചതിക്കുഴികളിലൂടെ ലഹരി സംഘങ്ങളുടെ വലയത്തിൽപ്പെടുന്ന സംഭവങ്ങൾ വർധിച്ചുവരുന്നതായും പലപ്പോഴും അധ്യാപകരും രക്ഷിതാക്കളും ഇത് വൈകിയാണ് തിരിച്ചറിയുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാൽ ലഹരിയുമായി ബന്ധപ്പെട്ട പ്രലോഭനങ്ങളെയും സൗഹൃദവലയങ്ങളെയും കുറിച്ച് വിദ്യാർഥികൾ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ദയാപുരം സ്ഥാപനങ്ങളുടെ എക്സിക്യൂട്ടീവ് സെക്രട്ടറി ആദിൽ സി. ടി., സ്കൂൾ പ്രിൻസിപ്പൽ പി. ജ്യോതി, കായികവിഭാഗം മേധാവി സി. എസ്. സന്ദീപ് എന്നിവർക്കൊപ്പം അധ്യാപകരും വിദ്യാർഥികളും തൂഫാൻ ഗോൾ അടിച്ച് പരിപാടിയിൽ പങ്കുചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!