നബിയെ തീവ്രവാദികൾക്ക് വിട്ടുകൊടുക്കുമോ? അതുപോലെ രാമനെ ബിജെപിക്ക് വിട്ടുകൊടുക്കില്ല’; തരൂർ

അയോധ്യയിലെ രാമ ക്ഷേത്രത്തിൽ പോകുമെന്ന പരാമർശം ആവർത്തിച്ച് ശശി തരൂർ എംപി. ക്ഷേത്രത്തിൽ പോകുന്നത് പ്രാർത്ഥിക്കാൻ, രാഷ്ട്രീയത്തിനല്ലെന്നും പ്രതികരണം. അതിനിടെ ശശിതരൂർ എംപിക്കെതിരെ തിരുവനന്തപുരം ലോ കോളജിൽ പ്രതിഷേധം. രാമ ക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനെ പിന്തുണച്ചുവെന്ന് ആരോപിച്ച് എസ്എഫ്ഐ പ്രവർത്തകരാണ് പ്രതിഷേധിച്ചത്.

തൻ്റെ ട്വീറ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ജയ് ശ്രീറാം എന്നത് രാഷ്ട്രീയ മുദ്രാവാക്യമായതിനാൽ ബോധപൂർവമാണ് ഉപയോഗിച്ചത്. ‘സിയാറാം’ എന്ന് എഴുതിയത് മനപൂർവ്വം. കോൺഗ്രസുകാരനായ താൻ എന്തിന് ശ്രീരാമനെ ബിജെപിക്ക് വിട്ടുകൊടുക്കണം? ബിജെപിയുടെ ആഗ്രഹം അതായിരിക്കും, എന്നാൽ താൻ തയ്യാറല്ല. നബിയെ ആരെങ്കിലും തീവ്രവാദികൾക്ക് വിട്ടുകൊടുക്കുമോ? എന്നും ശശിതരൂർ.

വിശ്വാസികൾക്കും വിശ്വസിക്കാൻ അവകാശമുണ്ട്. സ്വന്തം രീതിയിൽ വിശ്വാസത്തെ മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കണം. രാമനെ പ്രാർത്ഥിക്കുന്ന ഹിന്ദുക്കളെല്ലാം ബിജെപിയല്ല. ഒരുവരി ട്വീറ്റിന്റെ പേരിൽ താൻ സെക്യുലർ അല്ലെന്നാണ് എസ്എഫ്ഐ പറയുന്നത്. എസ്എഫ്ഐക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ കൈകൂപ്പിയും കൈവീശിയുമാണ് ശശി തരൂർ പ്രതികരിച്ചത്.

error: Content is protected !!