നിത്യചെലവിനുപോലും വകയില്ല! വൻ പ്രതിസന്ധി, ട്രഷറി ഓവർഡ്രാഫ്റ്റിൽ, പകുതിയിൽ കിതച്ച് പദ്ധതി നടത്തിപ്പ്

തിരുവനന്തപുരം: പണമില്ലാതെയുള്ള പ്രതിസന്ധി അതിരൂക്ഷമായ സംസ്ഥാനത്ത് സാമ്പത്തിക വര്‍ഷം അവസാനിക്കാറായിട്ടും പദ്ധതി നടത്തിപ്പ് പൂര്‍ത്തിയാക്കാനായില്ല. പദ്ധതി നടത്തിപ്പ് പാതി വഴിയില്‍ നിലച്ച അവസ്ഥയാണുള്ളത്. കഴിഞ്ഞ ബജറ്റിൽ മുന്നോട്ട് വച്ച പദ്ധതി നിര്‍ദ്ദേശങ്ങൾ പൂര്‍ത്തിയാകണമെങ്കിൽ നിലവിൽ 19000 കോടി രൂപയെങ്കിലും കണ്ടെത്തണം. ശമ്പളം അടക്കം നിത്യ ചെലവുകൾക്ക് പോലും ഓവര്‍ ഡ്രാഫ്റ്റിൽ ഓടുമ്പോൾ പദ്ധതികൾ പലതും അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് മാറ്റി വയ്ക്കാൻ ആലോചിക്കുകയാണ് സര്‍ക്കാര്‍. നിലവില്‍ ശമ്പളം അടക്കം നിത്യ ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. ഒരാഴ്ചയിലധികമായി ട്രഷറി ഓവര്‍ഡ്രാഫ്റ്റിലാണ് ഓടുന്നത്. സാമ്പത്തിക വര്‍ഷാവസാനം ഓടിക്കിതച്ച് പദ്ധതി വിനിയോഗം ഉറപ്പിക്കുന്ന പതിവ് ഇത്തവണ അത്ര എളുപ്പമല്ലെന്ന് ധനവകുപ്പുമായി ബന്ധപ്പെട്ടവരും സമ്മതിക്കുന്നു.

38629 കോടിരൂപയുടെ വാര്‍ഷിക പദ്ധതി തയ്യാറാക്കിയതിൽ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് 53.15 ശതമാനം തുക മാത്രമാണ് ചെലവാക്കിയത്. ഇനം തിരിച്ച് കണക്കെടുത്താൽ പല വകുപ്പുകളുടെ അവസ്ഥ പരമ ദയനീയമാണ്. തദ്ദേശ സ്വയംഭരണ വകുപ്പിന് അനുവദിച്ച 7460 കോടിയിൽ ചെലവഴിച്ചത് മൂന്നിലൊന്ന് തുകമാത്രം. 18000ത്തോളം ബില്ലുകൾ ട്രഷറികളിൽ കെട്ടിക്കിടക്കുന്നു. തദ്ദേശ വകുപ്പിന് കീഴിലെ ലൈഫ് മിഷന്‍റെ പുരോഗതി 3.76 ശതമാനത്തിൽ ഒതുങ്ങി. 973 കോടി വകയിരുത്തിയ കുടുംബശ്രീയുടെ പദ്ധതി വിനിയോഗം വെറും 24.75 ശതമാനം മാത്രമാണ്. മുഖ്യമന്ത്രി നേരിട്ട് നോക്കുന്ന ആഭ്യന്തര വകുപ്പിൽ പൊലീസിന് വകയിരുത്തിയതിൽ വിനിയോഗിച്ചത് 26.30 ശതമാനം തുകമാത്രം.

വകയിരുത്തിയതിൽ അധികം തുക ചെലവാകാറുള്ള പൊതുമരാമത്ത് വകുപ്പിലും ഇത്തവണ പദ്ധതി നടത്തിപ്പ് മെല്ലെപ്പോക്കിലാണ്. റോഡുകൾക്കും പാലങ്ങൾക്കുമായി കഴിഞ്ഞ ബജറ്റിൽ 29 സ്കീമുണ്ട്.1073 കോടിയിൽ 63 ശതമാനം മാത്രമാണ് ചെലവാക്കിയത്. സംസ്ഥാന സര്‍ക്കാരിന്‍റെ അഭിമാന പദ്ധതികൾ പോലും പണമില്ലാത്ത സ്ഥിതിയിൽ ഉടക്കി മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയിലാണ് മൂന്നോട്ട് പോകുന്നത്. സാമ്പത്തിക വര്‍ഷം അവസാനിക്കാൻ ഇനി ആഴ്ചകൾ മാത്രം ശേഷിക്കെ കെട്ടിക്കിടക്കുന്ന ബില്ലുകൾ പോലും മാറ്റി നൽകാനുള്ള സാഹചര്യത്തിലല്ല ഖജനാവ്. പദ്ധതി പ്രവര്‍ത്തനങ്ങൾ അടത്ത സാമ്പത്തിക വര്‍ഷത്തിലേക്ക് നീട്ടുകയാണ് സര്‍ക്കാരിന് മുന്നിലെ ഒരു പോം വഴി.

error: Content is protected !!