
Web Desk
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് മാറ്റി കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. കേന്ദ്ര ബജറ്റില്‍ 400 അതിവേഗ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ശശി തരൂര്‍ സമൂഹമാധ്യമത്തിലൂടെ പ്രസ്താവന നടത്തിയത്. വന്ദേഭാരത് ട്രെയിനുകള്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കു ബദലാകുമോ എന്നു പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് തരൂര്‍ വ്യക്തമാക്കുന്നു. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി സില്‍വര്‍ ലൈന്‍ പദ്ധതിയെ ശശി തരൂര്‍ പിന്തുണച്ചത് വിവാദമായിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഉള്‍പ്പെടെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. തരൂരിനെതിരെ നടപടി വേണമെന്ന് സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തു.
വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍നിന്ന് കേരളസര്‍ക്കാന്‍ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും ഇന്നലെ ഈ ആവശ്യം ഉന്നയിച്ചു.