
newsdewsk
തിരുവനന്തപുരം: 2026ൽ യുഡിഎഫിന്റെ ജയം കാത്തിരിക്കുകയാണ് ജനങ്ങളെന്ന് ഷാഫി പറമ്പിൽ എംപി’2021 അല്ല ആവർത്തിക്കാൻ പോകുന്നത്, മറിച്ച് 2001 ആണ്. പാർട്ടിയെ തിരികെ കൊണ്ടുവരാനാണ് നോക്കുന്നത്. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള റിലേയാണ് ഇനി. 2022ലെ അർജന്റീനയുടെ ലോകകപ്പ് ജയം പോലെ 2026ൽ യുഡിഎഫിന്റെ വിജയം കാത്തിരിക്കുകയാണ് ജനം. അതിന് ഒരു ടീം എന്ന നിലയിൽ മുന്നോട്ട് പോകും’- ഷാഫി പറമ്പിൽ വ്യക്തമാക്കി.
കെപിസിസി വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.കെപിസിസിയുടെ പുതിയ നേതൃനിര ഇന്നലെ ചുമതലയേറ്റിരുന്നു. സ്ഥാനമൊഴിഞ്ഞ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനിൽ നിന്ന് ഉറ്റ അനുയായിയായ അഡ്വ.സണ്ണി ജോസഫ് കടിഞ്ഞാൺ ഏറ്റുവാങ്ങി.
യുഡിഎഫ് കൺവീനറായി അടൂർ പ്രകാശ് എംപിയും കെപിസിസി വർക്കിംഗ് പ്രസിഡന്റുമാരായി പി സി വിഷ്ണുനാഥ് എംഎൽഎ, എ പി അനിൽകുമാർ എംഎൽഎ, ഷാഫി പറമ്പിൽ എംപി എന്നിവരും ചുമതലയേറ്റു.ചടങ്ങ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഉദ്ഘാടനം ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, സ്ഥാനമൊഴിഞ്ഞ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ, മുൻ കെപിസി അദ്ധ്യക്ഷന്മാരായ കെ മുരളീധരൻ, വി. എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങി നേതാക്കളുടെ വൻ നിരയാണ് ചടങ്ങിൽ പങ്കെടുത്തത്.