
NEWSDESK
കോഴിക്കോട് : ഫിറ്റ്നസില്ലാത്ത സ്കൂൾ ബസുകളും അലക്ഷ്യമായ ഡ്രെെവിംഗും ഇനി വേണ്ട. അദ്ധ്യയന വർഷം തുടങ്ങും മുമ്പേ സ്കൂൾ ബസുകളുടെ പരിശോധന കർശനമാക്കാൻ ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്. ജില്ലയിലെ ബസുകളുടെയും ഡ്രെെവർമാരുടെയും പരിശോധന ഈ ആഴ്ച മുതൽ ആരംഭിക്കും.
14നാണ് ജില്ലയിലെ സ്കൂൾ ബസ് ഡ്രെെവർമാർക്ക് ആർ.ടി.ഒ യുടെ നേതൃത്വത്തിൽ പരിശീലന ക്ലാസ്. ക്ലാസിൽ പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്യും. ഡ്രെെവർമാർ ലെെസൻസുമായി എത്താനാണ് നിർദ്ദേശം. ആവശ്യമെങ്കിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കാൻ നിർദ്ദേശിക്കും. ഈമാസം അവസാന വാരത്തോടെ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന പൂർത്തിയാക്കും. പരിശീലന ക്ലാസിൽ പങ്കെടുക്കാത്ത ഡ്രെെവർമാർക്ക് ഇനി മുതൽ സ്കൂൾ വാഹനങ്ങൾ ഓടിക്കാൻ അനുമതി ലഭിക്കില്ല.ഈ അദ്ധ്യയന വർഷം മുതൽ സ്കൂൾ ബസുകളിൽ ക്യാമറ നിർബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. എന്നാൽ സ്കൂൾ അധികൃതരുടെ സൗകര്യം കൂടി പരിഗണിച്ച് 2025 ആഗസ്റ്റ് വരെ ക്യാമറകൾ സ്ഥാപിക്കാനായി സമയം നീട്ടി നൽകിയിട്ടുണ്ട്. ആഗസ്റ്റിന് ശേഷമുള്ള പരിശോധനകളിൽ മാത്രമേ ക്യാമറ ഫിറ്റ്നസ് പരിശോധനയുടെ ഭാഗമാകൂ. പല സ്കൂളുകളിലും സ്ഥിരമായി ഒരു ബസ് ഡ്രെെവർ ഉണ്ടാകാറില്ല. ഡ്രെെവർമാർ ഇടയ്ക്ക് വെച്ച് മാറിയാലും സ്കൂൾ അധികൃതർ ഇത് ട്രാൻസ്പോർട്ട് ഓഫീസിൽ അറിയിക്കാത്തത് പ്രതിസന്ധിയാണെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ഫിറ്റ്നസ് ഇളവ് ലഭിച്ചബസുകൾ റോഡിൽ ഗതാഗതമന്ത്രിയുടെ നിർദ്ദേശ പ്രകാരം കഴിഞ്ഞ ഡിസംബറിൽ ഫിറ്റ്നസ് കാലാവധി അവസാനിച്ച സ്കൂൾ ബസുകൾക്ക് 2025 ഏപ്രിൽ വരെ ഫിറ്റ്നസ് കാലാവധി നീട്ടി നൽകിയിരുന്നു. സ്കൂൾ മാനേജർമാരുടെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി. ഇത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.” എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഡ്രെെവർമാർ ക്ലാസിൽ പങ്കെടുക്കണം. ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയിട്ടുണ്ട്. സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധനയും ഈ മാസം അവസാനത്തോടെയുണ്ടാകും.- പി.എ നസീർ , റീജിയണൽ ട്രാൻസ്പോർട് ഓഫീസർ, കോഴിക്കോട്