സ്കൂൾ ജൂൺ രണ്ടിന് തന്നെ തുറക്കും, കാലാവസ്ഥ നോക്കിയ ശേഷം മാറ്റം വേണോയെന്ന് നോക്കാം’; വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ രണ്ടിന് തന്നെ തുറക്കുമെന്നാണ് നിലവിലെ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാലാവസ്ഥ നോക്കിയതിന് ശേഷം മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീയതിയിൽ മാറ്റം വേണോയെന്ന കാര്യം തീരുമാനിക്കുമെന്നും അദേഹം കൂട്ടിചേര്‍ത്തു.

കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിലും സംസ്ഥാനത്തെ ഒരു സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് പോലും തകരാര്‍ ഉണ്ടായിട്ടില്ല. അടിസ്ഥാന വികസന സൗകര്യത്തിനു വേണ്ടി കഴിഞ്ഞ നാളുകളില്‍ ചെലവഴിച്ച 5000 കോടി രൂപ ഫലം കണ്ടു. മുന്‍ വര്‍ഷങ്ങളില്‍ കാറ്റടിക്കുമ്പോള്‍ ആദ്യം സ്‌കൂളിന്റെ ഷെഡ് ആയിരുന്നു പോയിരുന്നത് എന്നാല്‍ ഇപ്പോള്‍ സ്‌കൂളുകളില്‍ ഷെഡ്ഡുകള്‍ ഇല്ലായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേ സമയം, ഹൈസ്കൂൾ സമയക്രമത്തിലെ മാറ്റത്തിനെ തുടർന്നുണ്ടായ വിവാദത്തിൽ ചില അധ്യാപക സംഘടനകൾ തന്നെയാണ് ബുദ്ധിമുട്ട് ഉണ്ടാക്കിയതെന്ന് ശിവൻകുട്ടി പറഞ്ഞു. ആദ്യം 110 ദിവസവും 120 ദിവസവും തീരുമാനിച്ചിരുന്നു. പിന്നാലെ അത് കൂടി പോയെന്ന് ചൂണ്ടികാട്ടി അധ്യാപക സംഘടനകൾ കേസ് കൊടുത്തു. ഇതേ തുടർന്ന് കോടതിയുടെ നിർദ്ദേശപ്രകാരം കമ്മീഷനെ നിയോഗിക്കുകയായിരുന്നു. കമ്മീഷൻ നൽകിയ റിപ്പോർട്ട് ആണ് വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചത്. റിപ്പോർട്ടിൽ പറഞ്ഞത് അനുസരിച്ച് സമയം ക്രമീകരിക്കാനാണ് മാറ്റമെന്നും സമയക്രമത്തിൽ പ്രായോഗികമായി എന്തു ചെയ്യാൻ കഴിയും എന്ന് ആലോചിക്കണമെന്നും അദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!