
Web Desk
രണ്ടര വയസ്സുള്ള മകളെ പീഡിപ്പിച്ച കേസിൽ പ്രതിയായ അച്ഛനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം അതിവേഗ സ്പെഷൽ കോടതിയാണു ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണം.
പ്രതിയും ഭാര്യയും മകളുമായി ഒരുമിച്ചു താമസിച്ചു വരവേ 2018 ഫെബ്രുവരിയിലാണു കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യയുടെ രക്ഷിതാക്കളും ഇവരോടൊപ്പം ഉണ്ടായിരുന്നു. സംഭവ ദിവസങ്ങളിൽ പ്രതിയും ഭാര്യയും ഇരയായ കുട്ടിയും രാത്രി ഒരുമിച്ചാണ് കിടന്നിരുന്നത്. കുട്ടി രാത്രി സമയങ്ങളിലും മറ്റും സ്ഥിരമായി കരയുമായിരുന്നു. മൂത്രം ഒഴിക്കുമ്പോൾ വേദനയുണ്ടെന്നും പറഞ്ഞിരുന്നു. തുടർന്ന് ശ്രദ്ധിച്ചപ്പോഴാണ് സ്വകാര്യ ഭാഗത്തുള്ള മുറിവ് അമ്മ കണ്ടത്. മുറിവ് എങ്ങനെയുണ്ടായെന്നു ചോദിച്ചപ്പോൾ കുട്ടി കരയുകയല്ലാതെ മറുപടി പറഞ്ഞില്ല. പ്രതിയെ ഭാര്യയ്ക്കു സംശയമുണ്ടായിരുന്നു. പ്രസവിച്ചതു മുതൽ കുട്ടി തന്റേതല്ലെന്നു പറഞ്ഞു പ്രതി ഭാര്യയോടു ബഹളം വച്ചിരുന്നതാണു കാരണം. ഭാര്യയ്ക്കു വേറെ ബന്ധമുണ്ടെന്നും ഇതു തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്നും പ്രതി പറഞ്ഞതു സംശയം വർധിപ്പിച്ചു. ഒരു ദിവസം രാത്രി കുട്ടിയുടെ കരച്ചിൽകേട്ട് ഉണർന്നപ്പോൾ പ്രതി കുട്ടിയെ പീഡിപ്പിക്കുന്നത് അമ്മ കണ്ടു.
ഇവർ ബഹളം വച്ചപ്പോൾ പ്രതി ഭീഷണിപ്പെടുത്തി. അടുത്ത ദിവസവും പ്രതി ഇതാവർത്തിച്ചു. പിന്നെ കുട്ടിയെ രാത്രി അമ്മൂമ്മയുടെ അടുത്തു കിടത്തി. കുട്ടിയുടെ സ്വകാര്യ ഭാഗത്ത് പീഡനത്തിലുണ്ടായ പരുക്ക് ഗുരുതരമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു ഡോക്ടർമാർ ഇടപെട്ടാണു പൊലീസിൽ വിവരം അറിയിച്ചത്. മാസങ്ങളുടെ ചികിത്സയ്ക്കു ശേഷമാണു കുട്ടിയുടെ പരുക്ക് ഭേദമായത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി. പ്രായം കുറവായിരുന്നതിനാൽ കുട്ടിയെ സാക്ഷിയാക്കാൻ പറ്റിയിരുന്നില്ല. പ്രധാന സാക്ഷിയായ അമ്മ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. കുട്ടി തന്റേതല്ലെന്ന് ആരോപിച്ചു മകളെ പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പ്രോസിക്യൂഷൻ 13 സാക്ഷികളെ വിസ്തരിക്കുകയും 17 രേഖകൾ ഹാജരാക്കുകയും ചെയ്തു.