പീഡന പരാതിയിൽ പിസി ജോർജ് അറസ്റ്റിൽ

Web Desk

പീഡനപരാതിയില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജ് അറസ്റ്റിൽ. സോളര്‍ കേസ് പ്രതിയുടെ പരാതിയിൽ മ്യൂസിയം പൊലീസാണ് കേസെടുത്തത്. 354, 354എ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇത്തരത്തിൽ പീഡനപരാതിയുള്ള വിവരം പി.സി.ജോർജിനെ അറിയിക്കുന്നത്. പിന്നീട് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ടി. ജലീല്‍ നല്‍കിയ ഗൂഢാലോചന കേസിലാണ് പി.സി. ജോര്‍ജിനെ ഇന്നു ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തല്‍ നടത്തി കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് കേസ്. പി.സി. ജോര്‍ജും സ്വപ്‌ന സുരേഷുമാണ് പ്രതികള്‍.

വെളിപ്പെടുത്തല്‍ നടത്താന്‍ പി.സി. ജോര്‍ജ് തന്നെ പ്രേരിപ്പിച്ചുവെന്ന് കേസില്‍ സാക്ഷിയായ സരിത എസ്. നായര്‍ നല്‍കിയ രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ സംഘം പി.സി. ജോര്‍ജിനെ ചോദ്യം ചെയ്യുന്നത്. കേസില്‍ സ്വപ്‌ന ജോലി ചെയ്യുന്ന എച്ച്ആര്‍ഡിഎസിലെ ജീവനക്കാരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു.

error: Content is protected !!