
Web Desk
ആവിക്കല്‍ത്തോട്ടില്‍ ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മിക്കുന്നതിനെതിരെ ജനകീയ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംഘര്‍ഷം. സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. കല്ലേറ് നിയന്ത്രിക്കാന്‍ കണ്ണീര്‍വാതക പ്രയോഗം നടത്തി. ജനസാന്ദ്രതയേറിയ പ്രദേശത്ത് ശുചിമുറി മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ മാസങ്ങളായി പ്രതിഷേധം നടന്നുവരികയാണ്. മൂന്നു വാര്‍ഡുകളിലാണ് സമരസമിതിയുടെ ഹര്‍ത്താല്‍ നടക്കുന്നത്. പൊലീസുമായി സംഘര്‍ഷമുണ്ടായതോടെ പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. പൊലീസിനു നേരെ കല്ലെറിഞ്ഞതോടെയാണ് ലാത്തിവീശിയതെന്ന് പൊലീസ് വിശദീകരിക്കുന്നു. കല്ലെറിഞ്ഞത് പ്രദേശവാസികളല്ലെന്നും മനപ്പൂര്‍വം പ്രശ്‌നം സൃഷ്ടിക്കാന്‍ പുറത്തുനിന്നെത്തിയ ചിലരാണ് കല്ലെറിഞ്ഞതെന്നാണ് നാട്ടുകാരുടെ ആരോപണം. പൊലീസ് ലാത്തിവീശിയെങ്കിലും പ്രദേശവാസികള്‍ ചിതറിപ്പോവാതെ സംഘടിച്ചുനില്‍ക്കുകയാണ്.
ഇനി ചര്‍ച്ചകള്‍ക്കു സാധ്യതയില്ലെന്നും പ്ലാന്റ് നിര്‍മിക്കുമെന്നും മേയര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രദേശത്ത് മുന്‍പ് രണ്ടുതവണ സര്‍വേ നടത്താന്‍ വന്ന ഉദ്യോഗസ്ഥരെ തടഞ്ഞിരുന്നു. തുടര്‍ന്ന് കനത്ത പൊലീസ് സന്നാഹത്തോടെ ഒരാഴ്ച മുന്‍പ് സര്‍വേ തുടങ്ങി. തുടര്‍ന്ന് പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.