‘എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക’: ഔദ്യോഗിക വസതിക്കു മുന്നിൽ പി.വി.അൻവറിന്റെ അസാധാരണ കുത്തിയിരുപ്പു സമരം

മലപ്പുറം ∙ എസ്പി എസ്. ശശിധരന്‍റെ ഔദ്യോഗിക വസതിക്കു മുന്നിൽ അസാധാരണ സമരവുമായി പി.വി. അന്‍വര്‍ എംഎല്‍എ. എസ്പി ഓഫിസിലെ മരങ്ങൾ മുറിച്ചു കടത്തിയതു കോടതിയുടെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അൻവർ കുത്തിയിരുപ്പു സമരം നടത്തിയത്. മരം മുറിച്ചതിനെപ്പറ്റി പരാതി കിട്ടിയിട്ടും നടപടിയെടുക്കാത്ത മലപ്പുറം എസ്പിക്കെതിരെ നടപടിയെടുക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.

ലൈഫ് പദ്ധതി അട്ടിമറിക്കാൻ ശ്രമിക്കുന്ന എസ്പിയുടെ അഹങ്കാരം അവസാനിപ്പിക്കുക, പൊലീസ് വയർലെസ് സന്ദേശം പ്രക്ഷേപണം ചെയ്ത യൂട്യൂബ് ചാനലിന്റെ ഉടമയിൽനിന്നു കൈക്കൂലി വാങ്ങി അയാളെ രക്ഷിച്ച എഡിജിപി എം.ആർ. അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു ജയിലിൽ അടയ്ക്കുക തുടങ്ങിയ ആരോപണങ്ങളെഴുതിയ ബാനറുകളുമായി ആയിരുന്നു പി.വി. അന്‍വറിന്‍റെ കുത്തിയിരിപ്പ് പ്രതിഷേധം.

അതേസമയം, ആഭ്യന്തര വകുപ്പിനെ മുൾമുനയിൽ നിർത്തുന്നതാണ് അൻവറിന്റെ പുതിയ ആരോപണങ്ങൾ. എസ്.ശശിധരൻ മലപ്പുറം ജില്ലാ പൊലീസ് മേധാവിയായി ചുമതലയേൽക്കുന്നതിന് രണ്ടു വർഷം മുൻപ് 2021 ൽ നടന്ന മരംമുറി സംഭവവുമായി ബന്ധപ്പെട്ടാണ് നിലവിലെ സമരം. എസ്.സുജിത് ദാസ് ആയിരുന്നു അന്നത്തെ ജില്ലാ പൊലീസ് മേധാവി. ഔദ്യോഗിക വസതിയിൽനിന്നു തേക്കും മഹാഗണിയും മുറിച്ചു കടത്തിയെന്നാരോപിച്ച് അന്ന് കൊല്ലം സ്വദേശി പരാതി നൽകിയിരുന്നു.

error: Content is protected !!