രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ദ്രൗപതി മുർമു മുന്നിൽ, പാർലമെന്റ് അംഗങ്ങളുടെ വോട്ടെണ്ണൽ പൂർത്തിയായി.

Web Desk

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപതി മുർമു മുന്നിൽ. പാര്‍ലമെന്‍റില്‍ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായി. ഇരുസഭകളിലുമായി 771 എംപിമാരാണ് വോട്ട് ചെയ്തത്. ഇതില്‍ ദ്രൗപതി മുര്‍മുവിന് ലഭിച്ചത് 540 എംപിമാരുടെ പിന്തുണയാണ്. പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത്‌ സിൻഹയ്ക്ക് ലഭിച്ചത് 208 എം.പിമാരുടെ വോട്ടാണ്. 15 എം.പിമാരുടെ വോട്ട് അസാധുവായി.
ആകെ 4025 എം.എൽ.എമാർക്കും 771 എം.പിമാർക്കുമാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടുചെയ്തു. വോട്ടെണ്ണല്‍ പൂര്‍ത്തിയായാല്‍ മുഖ്യവരണാധികാരിയായ രാജ്യസഭ സെക്രട്ടറി പി.സി.മോദി ഫലപ്രഖ്യാപനം നടത്തും.
ഒഡിഷ സ്വദേശിയും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ബി.ജെ.പി നേതാവുമാണ് ദ്രൗപദി മുർമു. വിജയിക്കാനാവശ്യമായ പിന്തുണ ഉറപ്പിച്ച ശേഷമാണ് ദ്രൗപതി മുർമുവിനെ സ്ഥാനാർഥിത്വം എൻ.ഡി.എ പ്രഖ്യാപിച്ചത്. 5.33 ലക്ഷമായിരുന്നു ആദ്യഘട്ടത്തിൽ എൻ.ഡി.എയുടെ വോട്ട് മൂല്യം. പിന്നീട് ഘട്ടം ഘട്ടമായി വോട്ട് മൂല്യം വർധിച്ചു. ശിവസേന, ജെ.എം.എം തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് കൂടി പിന്തുണ ലഭിച്ചതോടെ വോട്ട് മൂല്യം 6.61 ലേക്ക് ഉയർന്നു.
പൊതു സമ്മതൻ എന്ന നിലയിലാണ് യശ്വന്ത് സിൻഹയെ പ്രതിപക്ഷം സ്ഥാനാർഥിയാക്കിയത്. 38 പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയാണ് സിൻഹയ്ക്കുളളത്. 4.13 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വോട്ട് മൂല്യം

error: Content is protected !!