
Web Desk
പ്രതിസന്ധികളില്‍ പകച്ചു നില്‍ക്കാതെ പരിമിതികള്‍ എങ്ങനെ മുറിച്ച് കടക്കാമെന്നുള്ള പ്രായോഗിക സമീപനം അടങ്ങുന്ന വികസോനോന്മുഖ കാഴ്ചപ്പാടോടെയുള്ള ബജറ്റാണ് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മഹാമാരിക്കാലത്ത് ധനകാര്യ യാഥാസ്ഥിതികത്വം മുഴച്ചു നില്‍ക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.
അതിസമ്പന്നരുടെമേല്‍ നികുതി ചുമത്താന്‍ തയാറാകാതെ സാധാരണക്കാരന്‍റെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിക്കുന്ന സമീപനമാണ് ദേശീയ തലത്തില്‍ അവലംബിക്കുന്നത്. സര്‍ചാര്‍ജുകളുടെയും സെസുകളുടെയും രൂപത്തിലാണ് ഇത് നടപ്പിലാക്കുന്നത്. അതുകൊണ്ട് സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതം ലഭ്യമാകുന്നതുമില്ല. മഹാമാരിക്ക് പുറമേ യുക്രെയ്നിലെ യുദ്ധവും നമ്മുടെ സഹചര്യങ്ങളെ സങ്കീര്‍ണമാക്കുന്നു. കോവിഡ് മൂന്നാം തരംഗം ഒഴിഞ്ഞിട്ടുണ്ടെങ്കിലും അതിന്‍റെ സാമ്പത്തിക പ്രത്യാഘാതം ഹ്രസ്വകാലത്തിനപ്പുറം നിലനില്‍ക്കും. ഫെഡറല്‍ ഘടനയിലെ പരിമിതമായ അധികാരങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് എത്ര ഫലപ്രദമായി ഒരു സംസ്ഥാന സര്‍ക്കാരിന് ഇടപെടാന്‍ കഴിയും എന്നുകൂടിയാണ് ഈ ബജറ്റിലൂടെ വ്യക്തമാകുന്നത്. പരിസ്ഥിതി ബജറ്റ് പ്രത്യേകം തയാറാക്കാനുള്ള പ്രഖ്യാപനവും സവിശേഷതയുള്ളതാണ്.