
newsdesk
കോഴിക്കോട് : ഓണം അടിപൊളിയാക്കാൻ വിഭവങ്ങളുമായി കുടുംബശ്രീയും. ജില്ലയിലെ മുഴുവൻ സി. ഡി. എസുകളിലും കുടുംബശ്രീ ഓണച്ചന്തകൾ സംഘടിപ്പിക്കും. ഗുണമേന്മയുള്ള ഭക്ഷ്യ ഉത്പന്നങ്ങൾ, കാർഷിക ഉത്പന്നങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, കരകൗശല വസ്തുക്കൾ, ശുചീകരണ ഉത്പന്നങ്ങൾ വിവിധ തരം തുണിത്തരങ്ങൾ എന്നിവ മേളയിൽ ലഭിക്കും. ഇതോടൊപ്പം വൈവിദ്ധ്യമാർന്ന വിഭവങ്ങളും മേളയിൽ നിരക്കും .
കോർപ്പറേഷൻ കുടുംബശ്രീ സി.ഡി.എസുകളുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ഓണം വിപണനമേളയ്ക്ക് മുതലക്കുളം മൈതാനിയിൽ തുടക്കമായി. മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി. ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ജൈവ പച്ചക്കറികൾ, നാടൻ മസാലപ്പൊടികൾ, ഈന്ത് പൊടി ,നാടൻ തേൻ, വിവിധതരം അച്ചാറുകൾ, തുണിത്തരങ്ങൾ, ഗ്യാരണ്ടി ആഭരണങ്ങൾ, ഹെർബൽ ഉത്പന്നങ്ങൾ, സൗന്ദര്യ വർദ്ധക വസ്തുക്കൾ, സോപ്പുകൾ, പലഹാരങ്ങൾ, മുളയരി പായസം ഉൾപ്പെടെ വിവിധ പായസങ്ങൾ, ചെടികൾ എന്നിവ സ്റ്റാളുകളിൽ ലഭിക്കും. നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും വിവിധ കുടുംബശ്രീ യൂണിറ്റുകളാണ് 50 സ്റ്റാളുകളിലായി ഉത്പന്നങ്ങൾ വിപണനം നടത്തുന്നത്. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺമാരായ ജാസ്മിൻ, ശ്രീജ ഹരീഷ്, പ്രൊജക്ട് ഓഫീസർ പ്രകാശൻ ടി.കെ, സിറ്റി മിഷൻ മാനേജർ മുനീർ എം .പി എന്നിവർ പ്രസംഗിച്ചു. ആഗസ്റ്റ് 28 വരെ രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയാണ് വിപണനമേള.
‘ന്യായമായ വിലയ്ക്ക് ശുദ്ധവും മായം കലരാത്തതുമായ തനതു ഉത്പന്നങ്ങൾ ലഭ്യമാക്കുകയാണ് ഓണം വിപണന മേളയുടെ ലക്ഷ്യം. ജില്ലയിലെ 82 സി .ഡി.എസുകൾ കേന്ദ്രീകരിച്ച് ഓണച്ചന്തകൾ സംഘടിപ്പിക്കുന്നതിന് പഞ്ചായത്തുകൾക്ക് 12,000 രൂപയും നഗരസഭകൾക്ക് 15,000 രൂപയും കുടുംബശ്രീ ജില്ലാ മിഷൻ സാമ്പത്തിക സഹായം നൽകും. 26 വരെ ബീച്ചിൽ നടക്കുന്ന വനിത വികസന കോർപ്പറേഷന്റെ പ്രദർശന വിപണന മേളയിൽ ജില്ലയിലെ മുഴുവൻ സി .ഡി. എസുകളിൽ നിന്നും തിരഞ്ഞെടുത്ത മികച്ച സംരംഭക യൂണിറ്റുകളുടെ ഉത്പന്നങ്ങൾ ലഭ്യമാകും