മലപ്പുറത്ത് തുവ്വൂരിൽ വീട്ടുവളപ്പിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം ; മുഖ്യപ്രതിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ പിതാവും അറസ്റ്റിൽ, കൊലയ്ക്ക് പിന്നിൽ കവർച്ചാശ്രമമെന്ന് നിഗമനം

newsdesk

മലപ്പുറം: തുവ്വൂരിൽ വീട്ടുവളപ്പിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ മുഖ്യപ്രതി വിഷ്‌ണുവിന്റെ പിതാവും അറസ്റ്റിൽ. കുഞ്ഞുണ്ണി എന്നയാളാണ് വിഷ്‌ണുവിനും മറ്റ് മൂന്നുപേർക്കും പുറമേ അറസ്റ്റിലായിരിക്കുന്നത്. മലപ്പുറം തുവ്വൂർ പഞ്ചായത്ത് ഓഫീസിന് സമീപം റെയിൽവേ പാളത്തിനടുത്ത് താമസിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ വിഷ്ണുവിന്റെ വീട്ടുവളപ്പിലാണ് ഇന്നലെ രാത്രി ഒൻപത് മണിയോടെ മൃതദേഹം കണ്ടത്. കേസിൽ നേരത്തെ വിഷ്‌ണുവിന്റെ സഹോദരങ്ങളായ വൈശാഖും ജിത്തുവും വിഷ്‌ണുവിന്റെ സുഹൃത്ത് ഷിഹാനും അറസ്റ്റിലായിരുന്നു.

പള്ളിപ്പറമ്പ് മാങ്കൂത്ത് മനോജിന്റെ ഭാര്യയും തുവ്വൂർ കൃഷിഭവനിൽ ജോലി ചെയ്യുകയുമായിരുന്ന സുജിതയുടെ (35) മൃതദേഹമാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. സുജിതയെ ഈ മാസം 11 മുതൽ കാണാനില്ലായിരുന്നു. സുജിതയുടെ ഫോൺ ലൊക്കേഷൻ അവസാനമായി കണ്ടത് വിഷ്‌ണുവിന്റെ വീടിന് സമീപമായതിനാൽ അന്വേഷണം ഇവരിലേയ്ക്ക് നീണ്ടു . തുടർന്നുള്ള അന്വേഷണത്തിന്റെ ഭാഗമായി വിഷ്ണുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് മൃതദേഹം കുഴിച്ചിട്ടിരിക്കുന്ന വിവരം പൊലീസിനോട് വെളിപ്പെടുത്തിയത്.

രാവിലെ പതിനൊന്നുമണിയോടെ സുജിതയെ വീട്ടിൽവച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് വിഷ്‌ണു പൊലീസിനോട് പറഞ്ഞത്. മരിച്ചു എന്നുറപ്പാക്കിയതിനുശേഷം കെട്ടിത്തൂക്കി. പിന്നീട് സഹോദരങ്ങളുടെയും സുഹൃത്തിന്റെയും സഹായത്തോടെ കുഴിച്ചിടുകയായിരുന്നുവെന്നാണ് മൊഴി.പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേയ്ക്ക് പോകുന്നുവെന്ന് പറഞ്ഞാണ് സുജിത കൃഷിഭവനിൽ നിന്നിറങ്ങിയത്. അന്ന് വൈകിട്ട് ഫോൺ സ്വിച്ച്‌ഡ് ഓഫായി. തൊട്ടടുത്ത ദിവസം വിഷ്‌ണു തുവ്വൂരിൽ തന്നെയുള്ള സ്വർണക്കടയിൽ സ്വർണം വിൽക്കാനെത്തിയിരുന്നു. ഇത് സുജിതയുടെ ആഭരണങ്ങളാണെന്നാണ് പൊലീസിന്റെ നിഗമനം. ആഭരണം കവരാനാണ് കൊല നടത്തിയതെന്നാണ് വിവരം. വിഷ്‌ണുവും സുജിതയും പരിചയക്കാരായിരുന്നു. വിഷ്‌ണു ജോലി ചെയ്തിരുന്ന പഞ്ചായത്ത് ഓഫീസിനോട് ചേർന്നായിരുന്നു സുജിത ജോലി ചെയ്തിരുന്ന കൃഷിഭവൻ. സുജിത കുടുംബശ്രീ പ്രവർത്തകയുമായിരുന്നു.തുവ്വൂർ പഞ്ചായത്തിലെ താത്‌കാലിക ജീവനക്കാരനായിരുന്നു വിഷ്ണു. സുജിതയെ കാണാതാവുന്നതിന് മുൻപുതന്നെ വിഷ്‌ണു ജോലി രാജിവെച്ചിരുന്നു. ഐ എസ് ആർ ഓയിൽ ജോലി കിട്ടിയെന്നായിരുന്നു നാട്ടുകാരെയും സുഹൃത്തുക്കളെയും വിഷ്ണു ധരിപ്പിച്ചിരുന്നത് .

error: Content is protected !!