വെൽഫെയർ പാർട്ടി സാഹോദര്യ സംഗമം സംഘടിപ്പിച്ചു

കൊടിയത്തൂർ: ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും നവോത്ഥാന സന്ദേശങ്ങളെ സമകാലിക സാമൂഹിക സാഹചര്യങ്ങളുമായി ചേർത്തുവെച്ച് വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി സാഹോദര്യ സംഗമം സംഘടിപ്പിച്ചു. പന്നിക്കോട് അങ്ങാടിയിൽ നടന്ന സംഗമം വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ശശീന്ദ്രൻ ബപ്പൻകാട് ഉദ്ഘാടനം ചെയ്തു.

ജാതി–മത വിവേചനങ്ങൾക്കും സാമൂഹിക അസമത്വങ്ങൾക്കും എതിരെ മനുഷ്യന്റെ അന്തസ്സും തുല്യാവകാശവും ഉയർത്തിപ്പിടിച്ച നവോത്ഥാന പോരാട്ടങ്ങളായിരുന്നു ശ്രീനാരായണ ഗുരുവിന്റെയും അയ്യങ്കാളിയുടെയും സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു. സാമൂഹിക നീതിയും സമത്വവും സാഹോദര്യവും ശക്തിപ്പെടുത്തേണ്ട ഇന്നത്തെ കാലത്ത് അവരുടെ ആശയങ്ങൾക്ക് കൂടുതൽ പ്രസക്തിയുണ്ട്. വിഭജന രാഷ്ട്രീയവും വിദ്വേഷവും ശക്തിപ്പെടുന്ന സാഹചര്യത്തിൽ മനുഷ്യരെ ജാതി–മത ഭേദങ്ങൾക്കപ്പുറം ഒന്നിപ്പിക്കുന്ന ജനാധിപത്യ, മതനിരപേക്ഷ, സാഹോദര്യ രാഷ്ട്രീയം ഉയർത്തിപ്പിടിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെൽഫെയർ പാർട്ടി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ദീൻ ചെറുവാടി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. കവിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രേമ കോട്ടമ്മൽ, കെ.സി. യൂസുഫ്, ഹരിദാസൻ പന്നിക്കോട്, ബാബു പൊലുകുന്നത്ത്, കെ മാധവൻ കുളങ്ങര, മജീദ് പുതുക്കുടി, ദാസൻ കൊടിയത്തൂർ, റഫീഖ് കുറ്റിയോട്ട്, ഇ.എൻ. നദീറ, ജാഫർ പുതുക്കൂടി, സാദിഖ് സൗത്ത് കൊടിയത്തൂർ എന്നിവർ സംസാരിച്ചു.

സാമൂഹിക നീതിക്കും തുല്യാവകാശത്തിനും വേണ്ടി നടന്ന നവോത്ഥാന പോരാട്ടങ്ങളുടെ തുടർച്ചയായി, ജനങ്ങൾക്കിടയിൽ സൗഹൃദവും സഹവർത്തിത്വവും ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകൾക്ക് സംഗമം ആഹ്വാനം ചെയ്തു.

error: Content is protected !!