മരണ വീട്ടിൽ ആചാരത്തെ ചൊല്ലി തര്‍ക്കം; അട്ടപ്പാടിയില്‍ മധ്യവയസ്‌കനെ കുത്തിക്കൊന്നു

News Desk

അട്ടപ്പാടിയില്‍ ആദിവാസിയായ മധ്യവയസ്‌കനെ കുത്തിക്കൊലപ്പെടുത്തി. മരണ വീട്ടിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കൊലപാതകം. അട്ടപ്പാടി ഷോളയൂര്‍ തെക്കേ ചാവടി ഊരില്‍ മണി (51) ആണ് ഇന്ന് ഉച്ചയോടെ കൊല്ലപ്പെട്ടത്.

മരണാനന്തര ചടങ്ങിനെത്തിയ സംഘവുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ വാക്കുതര്‍ക്കം ഉണ്ടാവുകയായിരുന്നു. ഇതിനിടെയാണ് കോഴിക്കോട് സ്വദേശിയായ പളനി, മണിയെ കുത്തിവീഴ്ത്തിയത്. നാട്ടുകാര്‍ തന്നെ പളനിയെ കീഴ്‌പ്പെടുത്തി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.ചാവടിയൂരിലെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ പളനിയെ ഗോത്രാചാരങ്ങളിലെ വ്യത്യാസമാണ് ചൊടിപ്പിച്ചത്.

കോഴിക്കോട് ആദിവാസി ഗോത്ര വിഭാഗങ്ങളില്‍ ഇത്തരം ആചാരങ്ങളില്ലെന്നു പറഞ്ഞു എതിർത്ത പളനിയെ മണി ചോദ്യം ചെയ്തു. അട്ടപ്പാടിയിലെ ആചാരങ്ങളാണ് പാലിക്കുന്നതെന്നായിരുന്നു മണിയുടെയും വീട്ടുകാരുടെയും വാദം. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായതിന് ശേഷവും തര്‍ക്കം തുടര്‍ന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് ചടങ്ങിനെത്തിയവര്‍ പോലീസിനോട് പറഞ്ഞു.

ഷോളയൂര്‍ പോലീസ് പളനിയുടെ അറസ്റ്റ് രേഖപ്പെടുത്തി. വയറിനും നെഞ്ചിനും കുത്തേറ്റ മണിയെ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം, കൊവിഡ് പരിശോധന തുടങ്ങിയ നടപടികള്‍ക്കുശേഷം മൃതദേഹം നാളെ നല്‍കും. സംസ്‌കാരത്തിനും മറ്റു ചടങ്ങുകള്‍ക്കും സുരക്ഷയൊരുക്കുമെന്ന് പോലീസ് പറഞ്ഞു.

error: Content is protected !!