
NEWSDESK
തൃക്കളയൂർ: വീടിനോട് അടുത്ത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ മണ്ണ് എടുത്തതിനാൽ മതിൽ തകർന്നുവീണു. വീട്ടിൽ ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തമാണ് വഴിമാറിയത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം .തൃക്കളയൂർ സ്വദേശി വൈ പി ഷറഫുദ്ദീന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. വീടിനോട് അടുപ്പിച്ച് യാതൊരുവിധ സുരക്ഷാ മാനദണ്ഡവും പാലിക്കാതെ ഒരു വർഷം മുമ്പ് അയൽവാസി വീട് നിർമ്മാണത്തിനായി മണ്ണെടുത്ത് താഴ്ത്തിയിരുന്നു.
വീടിന് സുരക്ഷ ഭീഷണി ആവുമെന്ന് അന്ന് ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാത്ത മണ്ണെടുത്ത സ്ഥലത്ത് കല്ലുകൾ വെച്ച് ചെറിയ സംരക്ഷണം നൽകുകയാണ് ചെയ്തത്. ഇതാണ് ഇപ്പോൾ ഇത്തരത്തിലുള്ള ഒരു അപകടത്തിന് കാരണമായത്. കൂടുതൽ മഴ പെയ്താൽ വീട് തകരുമെന്ന ഭീതിയുള്ളതിനാൽ കുടുംബത്തെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. ഭാര്യയും ഭർത്താവും ചെറിയ മൂന്ന് കുട്ടികളും ഉൾക്കൊള്ളുന്ന കുടുംബം ഇപ്പോൾ പെരുവഴിയിൽ ആയിരിക്കുകയാണ്. ബന്ധപ്പെട്ട അധികാരികളിൽ നിന്നും വേണ്ട നടപടികൾ ഉണ്ടാവും എന്ന് പ്രതീക്ഷയിലാണ് കുടുംബം.
വിവരമറിഞ്ഞ് മുക്കം അഗ്നിരക്ഷാ സേന സംഭവം സ്ഥലത്തെത്തി അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫീസർമാരായ സി. മനോജ് എൻ ജയകിഷ് ഫയർ ഓഫീസർ ടിപി ശ്രീജിൻ കെ മുഹമ്മദ്ഷനീബ് ഹോം ഗാർഡ് ചാക്കോ ജോസഫ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. മറിഞ്ഞ് വീഴാറായ മരങ്ങൾ അഗ്നിരക്ഷാ സേന മുറിച്ച് മാറ്റി പ്ലാസ്റ്റിക് ഷീറ്റ് നിലത്ത് വിരിച്ച് മണ്ണിടിയാതിരിക്കാൻ താൽക്കാലിക സംവിധാനം ഒരുക്കി.