
newsdesk
കോഴിക്കോട് : മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് ഇന്ന് കോഴിക്കോട് ജില്ലയിൽ.ഇന്നുമുതൽ 26 വരെ നടക്കുന്ന പരിപാടിക്ക് 13 നിയമസഭാ മണ്ഡലങ്ങളിലും ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ വടകര നാരായണ നഗർ ഗ്രൗണ്ടിൽ നടക്കുന്ന പ്രഭാതയോഗത്തോടെയാവും ജില്ലയിലെ പരിപാടികൾ തുടങ്ങുക. വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും പ്രഭാതയോഗത്തിൽ മുഖ്യമന്ത്രിയോടൊപ്പം ചേരും. തുടർന്ന് നാദാപുരം മണ്ഡലത്തിലെ നവകേരള സദസ് കല്ലാച്ചി മാരാംവീട്ടിൽ ഗ്രൗണ്ടിൽ തുടങ്ങും. വൈകീട്ട് പേരാമ്പ്ര ഹയർ സെക്കൻഡറി സ്‌കൂളിൽ പേരാമ്പ്ര മണ്ഡലതല സദസ് നടക്കും. കുറ്റ്യാടി മണ്ഡലംതല പരിപാടികൾ മേമുണ്ട ഹയർ സെക്കൻഡറി സ്‌കൂളിലാണ്. വടകര മണ്ഡലത്തിലെ പരിപാടികൾ വടകര നാരായണ നഗർ ഗ്രൗണ്ടിലും സംഘടിപ്പിക്കും.രണ്ടാംദിനമായ നാളെ കോഴിക്കോട് നോർത്ത് സൗത്ത് മണ്ഡലങ്ങളിലെ നവകേരള സദസിന് എരഞ്ഞിപ്പാലം ട്രിപ്പന്റ ഹോട്ടലിലെ പ്രഭാതയോഗത്തോടെ തുടക്കമാകും. കൊയിലാണ്ടി, കോഴിക്കോട് നോർത്ത്, സൗത്ത്, എലത്തൂർ മണ്ഡലങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളും പ്രഭാതയോഗത്തിൽ മുഖ്യമന്ത്രിയോടൊപ്പം പങ്കെടുക്കും. കൊയിലാണ്ടി മണ്ഡലതല പരിപാടികൾ സ്‌പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിലാണ് സംഘടിപ്പിക്കുക. ബാലുശ്ശേരി മണ്ഡലത്തിലേത് ഗവ. വൊക്കേഷണൽ ഹയർസക്കൻഡറി സ്‌കൂളിലും എലത്തൂർ മണ്ഡലത്തിലേത് നന്മണ്ട ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും. കോഴിക്കോട് നോർത്ത്, സൗത്ത് മണ്ഡലങ്ങളിലെ പരിപാടികൾ ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ ഒരുമിച്ചാണ് നടത്തുക.മൂന്നാം ദിനമായ 26ന് ഓമശ്ശേരി അമ്പലക്കണ്ടി സ്‌നേഹതീരം കൺവെൻഷൻ സെന്ററിലാണ് പ്രഭാതയോഗം. തിരുവമ്പാടി, ബാലുശ്ശേരി, കൊടുവള്ളി, ബേപ്പൂർ, കുന്ദമംഗലം മണ്ഡലങ്ങളിൽ നിന്നുള്ള ക്ഷണിതാക്കൾ മുഖ്യമന്ത്രിയോടൊപ്പം പങ്കെടുക്കും. തിരുവമ്പാടി മണ്ഡലംതല പരിപാടികൾ ഓർഫനേജ് ഒ.എസ്.എ ഓഡിറ്റോറിയത്തിലും കൊടുവള്ളി മണ്ഡലതല പരിപാടികൾ കൊടുവള്ളി കെ.എം.ഒ ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിലും നടക്കും. കുന്ദമംഗലം ഹയർ സെക്കൻഡറി സ്‌കൂളിലാണ് കുന്ദമംഗലം മണ്ഡലത്തിലെ പരിപാടികൾ. ബേപ്പൂർ മണ്ഡലത്തിലേത് ഫറോക്ക് നല്ലൂർ ഇ.കെ നായനാർ മിനി സ്റ്റേഡിയത്തിലും നടക്കും.പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറും. ജനങ്ങളിൽ നിന്ന് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നതിന് പ്രത്യേക കൗണ്ടർ സംവിധാനങ്ങൾ ഓരോ മണ്ഡലത്തിലും തയ്യാറാക്കിയിട്ടുണ്ട്. സദസ് ആരംഭിക്കുന്നതിന് മുമ്പ് ഇവ സ്വീകരിക്കും.
സ്വാതന്ത്ര്യസമര സേനാനികൾ, പൗരപ്രമുഖർ, മഹിള, യുവജന, കോളേജ് യൂണിയൻ ഭാരവാഹികൾ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളിലെ പ്രതിഭകൾ, കലാകാരൻമാർ, സാമുദായിക സംഘടനാ നേതാക്കൾ, മുതിർന്ന പൗരൻമാരുടെ പ്രതിനിധികൾ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവരും പ്രത്യേക ക്ഷണിതാക്കളായെത്തും.