താമരശ്ശേരിയിൽ കെഎസ്ആർടിസി ബസിന്റെ സൈഡ് ഗ്ലാസ് പൊട്ടിച്ച് യാത്രക്കാരൻ ചാടി, നഷ്ടം ഒന്നര ലക്ഷം രൂപ; കേസെടുത്തു

താമരശ്ശേരി∙ കെഎസ്ആർടിസി ബസിലെ യാത്രക്കാരൻ സൈഡ് ഗ്ലാസ് പൊട്ടിച്ച് പുറത്തേക്കു ചാടിയത് മറ്റു യാത്രക്കാരെയും നാട്ടുകാരെയും ഒരു പോലെ പരിഭ്രാന്തിയിലാക്കി.ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ഈങ്ങാപ്പുഴയിലായിരുന്നു സംഭവം. കോഴിക്കോട്ടു നിന്ന് ഉച്ചയ്ക്ക് 12ന് ബെംഗളൂരുവിലേക്കു പുറപ്പെട്ട ഗരുഡ സ്വിഫ്റ്റ് ബസിലെ യാത്രക്കാരൻ തിരുവനന്തപുരം കല്ലമ്പലം പുള്ളൂർമുക്ക് സ്വദേശിയാണ് പിൻഭാഗത്ത് ഇരുന്ന സീറ്റിന്റെ സൈഡ് ഗ്ലാസ് പൊട്ടിച്ച് ചാടിയത്.

റോഡിൽ വീണ ഈ യുവാവ് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാരും യാത്രക്കാരും ചേർന്ന് പിടികൂടി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മാനസിക അസ്വാസ്ഥ്യം മൂലം ചാടിയതാണെന്നാണ് പൊലീസ് പറയുന്നത്. ബെംഗളൂരുവിലെ ഐടി കമ്പനിയിൽ ജീവനക്കാരനായ യുവാവ് കോഴിക്കോട്ടെ സുഹൃത്തിന്റെ വീട്ടിൽ എത്തി തിരിച്ചു പോവുകയായിരുന്നു. സംഭവ സമയം ബസിൽ 27 യാത്രക്കാർ ഉണ്ടായിരുന്നതായി കണ്ടക്ടർ പറഞ്ഞു. ചില്ല് പൊട്ടിയും ട്രിപ്പ് മുടങ്ങിയും ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

error: Content is protected !!