
Local News
കിഴക്കൻ മലയോര മേഖലയിലെ കൂടരഞ്ഞി പഞ്ചായത്തിലുൾപ്പെട്ട പൂവാറൻതോട് സർക്കാർ വിലാസം എൽ.പി സ്കൂളിൽ നൂറോളം വിദ്യാർഥികൾ. മൊബൈൽ റേഞ്ച് വിരുന്നുകാരൻ മാത്രമായ ഈ കുന്നിൽ മുകളിൽ കോവിഡ് കാലത്ത് അധ്യാപകർ ഇടതടവില്ലാത്ത ഗൃഹസന്ദർശനം നടത്തിയതിനാൽ മുടക്കമില്ലാതെ പാഠങ്ങൾ പഠിച്ചതിന്റെ ആഹ്ലാദത്തിലാണ് ഈ കൊച്ചു കൂട്ടുകാർ. ആ ആത്മവിശ്വാസത്തിലാണ് സ്കൂൾ തുറക്കുന്നതിന്റെ മുന്നോടിയായി ‘നാട്ടുനന്മ വായനക്കൂട്ടം’ എന്ന പദ്ധതി നടപ്പിലാക്കി നാട്ടുകാർക്കായ് സ്കൂളിൽ ലൈബ്രറി തുറന്നിരിക്കുന്നത്. അലമാരയും കസേരയും പുസ്തകങ്ങളും ഉൾക്കൊള്ളുന്ന അരലക്ഷത്തോളം രൂപയുടെ പദ്ധതി സ്പോൺസർമാർ മുക്കം അനാർക് ബിൽഡേഴ്സ് ആന്റ് ഡവലപ്പേഴ്സ്, ചേന്ദമംഗലൂർ ഫ്രഷ് ഡേ സൂപ്പർ മാർക്കറ്റ് എന്നീ സ്ഥാപനങ്ങളാണ്. പരിസ്ഥിതി സംരക്ഷണത്തിന്റെ ഉദാത്ത മാതൃകയായി ഈ വിദ്യാർഥികൾ പൊതു ഇടങ്ങളിലും വീട്ടുപറമ്പുകളിലും നൂറ് കണക്കിന് ഫലവൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും സംരക്ഷണം ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. വർഷംതോറും നടന്നുവരാറുള്ള സാഹസികമായ പരിസ്ഥിതി പദയാത്രയുടെ പേരിലാണ് ഈ വിദ്യാലയത്തെ നാടും നഗരവും അറിയപ്പെടുന്നത്.
പദ്ധതിയുടെ സമർപ്പണം ഗ്രന്ഥകർത്താവും എഴുത്തുകാരനുമായ ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല കമ്മറ്റിയംഗം വിജീഷ് പരവരി നിർവഹിച്ചു. ഗ്രാമപഞ്ചായത്തംഗം ജോണി വാളിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ഒന്നര വർഷത്തെ അടച്ചുപൂട്ടലിന് ശേഷം സർക്കാർ നിർദേശങ്ങൾ യഥാവിധി പാലിച്ച് നടന്ന പ്രഥമ ഓഫ് ലൈൻ ജനറൽ ബോഡി യോഗം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ റോഷി ജോസ് ഉദ്ഘാടനം ചെയ്തു. ഗണിതശാസ്ത്ര പഠനോപകരണ കിറ്റ് രണ്ടാം വാർഡ് മെമ്പർ ബോബി പിടിഎ പ്രസിഡന്റ് ഡെന്നീസ് ചോക്കാട്ടിന് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. അനാർക് ആന്റ് ഫ്രഷ്ഡേ മാനേജർ തമാം മുബാരിസ്, മാതൃസമിതി ചെയർപേഴ്സൻ രജിത ദിലീപ്, പിടിഎ വൈസ് പ്രസിഡന്റ് രാജേന്ദ്രൻ കന്നുവള്ളി, ഗവ.എച്ച്.എസ് എസ് അധ്യാപകൻ ടി കെ ജുമാൻ, ഹെഡ് മാസ്റ്റർ മുസ്തഫ ചേന്ദമംഗലൂർ, കെ.കെ രതില എന്നിവർ സംസാരിച്ചു.