
NEWSDESK
ദില്ലി: കേരളത്തിലെ ദേശീയപാത നിർമ്മാണത്തിലെ വീഴ്ചകൾ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് കേന്ദ്ര ട്രാൻസ്പോർട്ട് മന്ത്രി നിതിൻ ഗഡ്കരി ചർച്ച ചെയ്യും. വിവിധയിടങ്ങളിൽ പരിശോധന നടത്തുന്ന വിദഗ്ധ സംഘത്തിൻറെ റിപ്പോർട്ട് അനുസരിച്ച് തുടർനടപടികൾ ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ദേശീയപാത അതോറിറ്റിയോടും മന്ത്രിയുടെ ഓഫീസ് വിശദീകരണം തേടിയിട്ടുണ്ട്.
കൂരിയാട് റോഡ് ഇടിഞ്ഞതിന്‍റെ ദൃശ്യങ്ങൾ കണ്ട ശേഷമാണ് മന്ത്രി നിതിൻ ഗഡ്കരി നേരത്തെ കടുത്ത നടപടിക്ക് നിർദ്ദേശം നല്കിയത്. എന്നാൽ കേരളത്തിൽ പലയിടത്ത് നിന്നും സമാന റിപ്പോർട്ടുകൾ വരുന്ന സാഹചര്യത്തിലാണ് മന്ത്രി വിശദമായ പരിശോധനയ്ക്ക് തയ്യാറെടുക്കുന്നത്. വൈകാതെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതി ഗഡ്കരി വിലയിരുത്തുമെന്ന് ട്രാൻസ്പോർട്ട് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. വിദഗ്ധരെയും മന്ത്രി നേരിട്ടു കാണും. കൂരിയാടെത്തി രണ്ടംഗ വിദഗ്ധ സംഘം പരിശോധന നടത്തിയിരുന്നു.