‘പ്രതിയുടെ മുഖം കാണിക്കണം’; മൂന്നര വയസുകാരിയെ കൊലപ്പെടുത്തിയ അമ്മയെ തെളിവെടുപ്പിനെത്തിച്ചു, ആക്രോശിച്ച് നാട്ടുകാർ

കൊച്ചി: മൂന്നര വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മയെ മൂഴുക്കുളം പാലത്തിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. പാലത്തിന്റെ മദ്ധ്യഭാഗത്ത് എത്തുന്നതിന് മുമ്പ് ഇവിടെ വച്ചാണ് മകളെ പുഴയിലേക്ക് എറിഞ്ഞതെന്ന് പൊലീസിനോട് അമ്മ പറഞ്ഞു. തെളിവെടുപ്പിനിടെ പ്രതിയുടെ മുഖം കാണിക്കണമെന്ന് പ്രദേശവാസികൾ ആക്രോശിച്ചു.

വളരെ വൈകാരികമായാണ് നാട്ടുകാർ പൊലീസിനോട് പെരുമാറിയത്. തെളിവെടുപ്പിന് ശേഷം പ്രതിയുമായി പൊലീസ് സ്റ്റേഷനിലേക്ക് മടങ്ങി. പത്ത് മിനിട്ട് മാത്രമാണ് തെളിവെടുപ്പ് നീണ്ടത്. കുട്ടിക്ക് വേണ്ടിയുള്ള രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായ നാട്ടുകാരടക്കം നൂറോളംപേരാണ് പ്രദേശത്ത് തടിച്ചുകൂടിയത്.കുട്ടിയെ അതിക്രൂര പീഡനത്തിനിരയായത് അറിഞ്ഞില്ലെന്നാണ് അമ്മ പൊലീസിന് മൊഴി നൽകിയത്.

ഭർത്താവിന്റെ വീട്ടുകാർ കുട്ടിയിൽ അമിതമായി താത്പര്യം കാണിച്ചത് തന്നെ അസ്വസ്ഥതപ്പെടുത്തിയെന്നും യുവതി പൊലീസിനോട് പറഞ്ഞു.ഭർത്താവിന്റെ വീട്ടുകാർ കുട്ടിയിൽ നിന്ന് പോലും തന്നെ അകറ്റുന്നതായി തോന്നി. ഭർത്താവ് മറ്റൊരു വിവാഹത്തിനൊരുങ്ങുന്നതായി തനിക്ക് വിവരം കിട്ടിയിരുന്നു. തന്നെ ഒഴിവാക്കിയാൽ കുട്ടി എങ്ങനെ ജീവിക്കുമെന്ന ആശങ്കയുണ്ടാക്കി. രണ്ടാനമ്മയുടെ കീഴിൽ തന്റെ കുഞ്ഞ് ജീവിക്കുന്നത് ദുഃസ്വപ്നം കണ്ടെന്നും കുഞ്ഞിന്റെ ഭാവിയിൽ ആശങ്കയുണ്ടായതിനാലാണ് കൊലപ്പെടുത്തിയതെന്നും യുവതി മൊഴി നൽകിയെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!