
newsdesk
മുക്കം: മലയോര മേഖലയിലെ രക്ഷാ പ്രവർത്തനങ്ങൾക്ക് വെളിച്ചം പകരാൻ അസ്ക ഷേപ് ഷിഫ്റ്ററുമായി മുക്കം അഗ്നി രക്ഷാ സേന. രാത്രികാല രക്ഷാ പ്രവർത്തനങ്ങൾക്ക് ഉതകുന്ന, മുക്കം അഗ്നി രക്ഷാ നിലയത്തിലേക്ക് പുതുതായി അനുവദിച്ച ലൈറ്റിംഗ് സംവിധാനമായ ഷേപ്പ് ഷിഫ്റ്ററിന്റെ ഉദ്ഘാടനവും സ്വിച്ച് ഓൺ കർമ്മവും മുക്കം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ. ചാന്ദിനി വിനോദ് നിർവഹിച്ചു.
അഗ്നിരക്ഷാ സേനയുടെ രാത്രികാല രക്ഷാപ്രവർത്തനങ്ങളിൽ വെളിച്ചം നൽകാനായി ഉപയോഗിക്കുന്നതാണ് ഈ നൂതന ലൈറ്റിംഗ് സംവിധാനം. ഒരു ജനറേറ്ററിന്റെ സഹായത്തോടുകൂടി പ്രവർത്തിക്കുന്ന നാല് മീറ്ററോളം ഉയർത്താനും താഴ്ത്താനും സാധിക്കുന്ന വിധത്തിൽ സജ്ജീകരിച്ച ലൈറ്റിംഗ് സംവിധാനമാണിത്. സാധാരണ സംവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായി റിമോട്ട് കൺട്രോൾ ഉപയോഗിച്ചും മൊബൈൽ ആപ്പ് ഉപയോഗിച്ചും പ്രവർത്തിപ്പിക്കാൻ കഴിയും എന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.
മുക്കം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ എൻ. ജയകിഷ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ. രാജേഷ് എന്നിവർ സംസാരിച്ചു. മുക്കം അഗ്നിരക്ഷാ സേന ജീവനക്കാരും സിവിൽ ഡിഫൻസ്, ആപതാ മിത്ര വളണ്ടിയർമാരും പങ്കെടുത്തു.