മുക്കം സമരത്തിലേക്ക്; വെള്ളംകുടി മുട്ടി എട്ടു മാസം, വ്യാപാരികളുടെ നിരാഹാരം ഇന്ന്

മുക്കം∙ ശുദ്ധജല വിതരണ തടസ്സം പരിഹരിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പിന്റെ റോഡ് കുത്തിപ്പൊളിക്കാൻ ബാങ്ക് ഗ്യാരന്റിയായി അടയ്ക്കാനുള്ള 3 ലക്ഷം രൂപ ജല അതോറിറ്റിയുടെ കയ്യിലില്ല. ഇതു മൂലം 8 മാസമായി അങ്ങാടിയിലെയും പരിസരത്തെയും ശുദ്ധജല വിതരണം നിലച്ചു. അധികൃതരുടെ അനാസ്ഥയിൽ മനംമടുത്ത് നാട്ടുകാർ സമരത്തിലേക്ക്.ഉടൻ പരിഹാരം ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വ്യാപാരികൾ നിരാഹാരത്തോടെ സമര പരിപാടികൾക്ക് തുടക്കം കുറിക്കുന്നു.

8 മാസമായി വിവിധ സർക്കാർ ഓഫിസുകൾ, ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങൾ, ഒട്ടേറെ ഗാർഹിക ഉപയോക്താക്കൾ, പൊതുടാപ്പിനെ ആശ്രയിക്കുന്നവർ എന്നിവർ ശുദ്ധജലം കിട്ടാതെ വലയുകയാണ്. അമിത തുക നൽകി വാഹനങ്ങളിൽ വെള്ളം എത്തിച്ചാണ് ദൈനംദിന കാര്യങ്ങൾ നീക്കുന്നത്.

ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ 2 മാസം മുമ്പ് സ്ഥലം സന്ദർശിച്ച് പ്രശ്നം പരിഹാരം ഉറപ്പു നൽകിയിരുന്നു. തിരുവമ്പാടിയിലെ നവകേരള സദസ്സിനു ശേഷം പ്രശ്നം പരിഹരിക്കാമെന്നും പറഞ്ഞിരുന്നു. എല്ലാം പാഴ്‌വാക്കായതോടെയാണ് ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നിരാഹാര സമരം നടത്തുന്നത്. സംസ്ഥാന വർക്കിങ് പ്രസിഡന്റ് കുഞ്ഞാവു ഹാജി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

error: Content is protected !!