NEWSDESK
മുക്കം: ആർക്കും ഏതു വാഹനവും എവിടെയും എത്ര നേരവും നിർത്തിയിടാം. ഏതു റോഡിലൂടെയും ഏതു ദിശയിലേക്കും യാതൊരു നിയന്ത്രണവുമില്ലാതെ വാഹനമോടിക്കാം. ആരും ചോദിക്കില്ല. ആരെയും ഭയപ്പെടേണ്ട. ജില്ലയിലെ പ്രധാന നഗരമായ മുക്കത്താണിത്. നിയമവും നിയമപാലകരും ഇല്ലാഞ്ഞിട്ടല്ല. ഏറെ നാൾ ആലോചനയും പഠനവും നടത്തി നഗരസഭയുടെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി അംഗീകരിച്ച് 2023 ഫെബ്രുവരി ഒന്നു മുതൽ പ്രാബല്യത്തോടെ നടപ്പാക്കിയ ട്രാഫിക് പരിഷ്കാര നിയമമുണ്ട്. വിവിധ സംഘടനകളിൽ ഉൾപ്പെട്ട തൊഴിലാളികളും അങ്ങാടിയിലെ വ്യാപാരികളുമടക്കം ബന്ധപ്പെട്ടവരെയെല്ലാം വിളിച്ചു കൂട്ടി അംഗീകാരം വാങ്ങിയാണ് ഈ ട്രാഫിക് പരിഷ്കാരം നടപ്പാക്കിയത്. ഇതുപ്രകാരം ബസുകൾ അങ്ങാടിയിലൂടെ വന്ന് ബസ് സ്റ്റാന്റുകളിൽ പ്രവേശിക്കുകയും ബൈപ്പാസ് വഴി പുറത്തു പോകുകയും ചെയ്യണം. പുതിയ സ്റ്റാന്റിലേക്ക് പോകുന്ന ബസുകൾ പഴയ ബസ് സ്റ്റാൻ്റിൻ്റെ മുന്നിൽ ഇടുങ്ങിയ റോഡിൽ നിർത്തിയിടാനോ അവിടന്ന് യാത്രക്കാരെ കയറ്റാനോ ഇറക്കാനോ പാടില്ല.
മുക്കം കടവ് പാലം വഴി വരുന്ന വാഹനങ്ങൾ ഓർഫനേജിൻ്റെ മുന്നിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു പോകണം. അവിടന്ന് മുന്നോട്ടുള്ള റോഡ് വൺവേയാണ്.അങ്ങാടിയിൽ നിന്ന് പടിഞ്ഞാറോട്ടു പോകുന്ന വാഹനങ്ങൾ പി.സി.റോഡു വഴിയാണ് പോകേണ്ടത്. മെയിൻ റോഡ് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ അഭിലാഷ് ജംഗ്ഷൻ വരെ വൺവേയാണ്. ബസ് സ്റ്റാൻ്റിൽ നിന്ന് പുറത്തേക്കു പോകാനുള്ള ബൈപ്പാസ്, വയലിൽ മമ്മദ് ഹാജി റോഡ്, വില്ലേജ് ഓഫീസ് റോഡിൽ നിന്ന് മാർക്കറ്റിലേക്കുള്ള മരക്കാർ ഹാജി റോഡ്, പി.സി റോഡ് എന്നിവയും വൺവേയാണ്.വാഹനങ്ങൾ പാർക്ക് ചെയ്യാനും ചില നിർദ്ദേശങ്ങൾ നിയമത്തിൽ ഉൾപെടുത്തുകയും ഈ വിവരങ്ങളെല്ലാം വിസ്തരിച്ച് മൈക്കിലൂടെ ദിവസങ്ങളോളം അറിയിപ്പു നൽകുകയും ചെയ്തതാണ്. എല്ലാ റോഡുകളിലും സൈൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവരിൽ ബഹു ഭൂരിഭാഗവും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. നിയമം ലംഘിക്കന്നത് കണ്ടില്ലെന്ന് നടിച്ച് നിയമപാലകരും. നഗരസഭാ അധികൃതർ ഇത് നിസഹായരായി നോക്കി നിൽക്കുകയാണ്. പത്തു മാസം പിന്നിട്ട ട്രാഫിക് പരിഷ്കാര നടപടികൾ കർശനമായി നടപ്പാക്കാൻ ഇനി എത്ര കാലം വേണ്ടി വരുമെന്നാണ് ജനങ്ങളുടെ ചോദ്യം.