കോടഞ്ചേരി നിഥിൻ തങ്കച്ചൻ വധം 5–ാം പ്രതി അഭിജിത്തിന്റെ ഭാര്യ സരിത അറസ്റ്റിൽ

കോടഞ്ചേരി∙ നൂറാംതോട് മുട്ടിത്തോട് ചാലപ്പുലറത്ത് നിഥിൻ തങ്കച്ചനെ (25) മർദിച്ച് കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളിയ കേസിൽ റിമാൻഡിലുള്ള ഒന്നാം പ്രതി കുപ്പായക്കോട് കൈപ്പുറം വേളങ്ങാട്ട് അഭിജിത്തിന്റെ ഭാര്യ സരിതയെ (21) കോടഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ അഞ്ചാം പ്രതിയാണ് സരിത. കോടതി റിമാൻഡ് ചെയ്തു. അഭിജിത്തിന്റെ രണ്ടാം ഭാര്യയാണ് സരിത.കോട്ടയ്ക്കലിൽ ആയുർവേദ പഞ്ചകർമ തെറപ്പി കോഴ്സിനു പഠിക്കുന്ന നിഥിൻ തങ്കച്ചനെ കോടഞ്ചേരിയിലേക്കു വിളിച്ചു വരുത്തിയത് സരിതയാണ്. കൊല നടന്ന ‍ഡിസംബർ 6ന് പലതവണ നിഥിൻ തങ്കച്ചനെ സരിത ഫോണിൽ വിളിച്ചതായി പൊലീസ് കണ്ടെത്തി.

നിഥിന്റെ മരണം ആസൂത്രിത കൊലപാതകമാണെന്നു പൊലീസ് കണ്ടെത്തുകയും കൊലയുടെ ആസൂത്രണത്തിനു സരിതയ്ക്കും പങ്കുണ്ടെന്നും വ്യക്തമായതിനെ തുടർന്നാണു കോടഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പ്രവീൺ കുമാർ ഇന്നലെ അറസ്റ്റ് ചെയ്ത് താമരശ്ശേരി കോടതിയിൽ ഹാജരാക്കിയത്. കേസിൽ കൈപ്പുറം വേളങ്ങാട്ട് അഭിജിത്ത് (27), മുക്കം മൈസൂർമല കോട്ടകുത്ത് മുഹമ്മദ് റാഫി (19), തിരുവമ്പാടി മുല്ലപ്പള്ളി മുഹമ്മദ് അഫസൽ(21), പ്രായപൂർത്തിയാകാത്ത 17 വയസ്സുകാരൻ എന്നിവർ റിമാൻഡിലാണ്. നിഥിൻ തങ്കച്ചൻ നിരന്തരമായി സരിതയെ ഫോണിൽ വിളിച്ചു ശല്യം ചെയ്യുകയും അഭിജിത്ത് വീട്ടിൽ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി ശല്യം ചെയ്യുകയും ചെയ്തിരുന്നുവെന്നു പറയപ്പെടുന്നു. നിഥിൻ തങ്കച്ചന്റെ ശല്യം ഒഴിവാക്കാൻ കൂട്ടാളികളുടെ സഹായത്തോടെകൊലപ്പെടുത്തുകയായിരുന്നുവത്രേ.

error: Content is protected !!