
Local News
പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ നിരക്ക് (ഡബ്ലിയു.ഐ.പി.ആർ) പ്രകാരം മലയോര മേഖലയിലെ ഏകദേശം മുഴുവൻ വാർഡുകളേയും കണ്ടയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തി ജില്ലാ കലക്ടർ ഉത്തരവിറക്കി. കാരശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും മുക്കം നഗരസഭയിലെ 19 വാർഡുകളും കണ്ടയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുക്കം നഗരസഭയിലെ 15, 29, 18, 25, 4, 12, 23, 1, 3, 10, 13, 11, 16, 8, 26, 6, 30, 24, 17 വാർഡുകളാണ് കണ്ടയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയത്.
സമീപ പഞ്ചായത്തുകളായ ഓമശേരി, കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി എന്നിവിടങ്ങളിലേയും മുഴുവൻ വാർഡുകളും കണ്ടയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ മലയോരമേഖല ഏറെക്കുറെ സമ്പൂർണമായി നിയന്ത്രണങ്ങൾക്കുള്ളിലായി. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നതോടെയാണ് വാർഡുകളിൽ ജില്ലാ കലക്ടർ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് ബാധിതരെ ആയിരം കൊണ്ട് ഗുണിച്ച് വാർഡിലുള്ള മൊത്തം ജനസംഖ്യ കൊണ്ട് ഹരിക്കുന്നതാണ് ഡബ്ലിയു.ഐ.പി.ആർ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന് പകരം പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ നിരക്ക് അടിസ്ഥാനമാക്കിയാണ് ഇപ്പോൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
കണ്ടയിൻമെൻ്റ് സോണിൽ ഉൾപ്പെട്ട മുഴുവൻ വാർഡുകളിലും ആളുകളെ ഒരാഴ്ചക്കകം കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വിൽപ്പന കേന്ദ്രങ്ങൾ മാത്രമാണ് തുറക്കാൻ അനുവദിക്കുക. ഹോട്ടലുകളിലും റസ്റ്റോറൻ്റുകളിലും ഹോം ഡെലിവറിക്ക് മാത്രമാണ് അനുമതിയുള്ളത്. അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ തുറക്കാൻ അനുവദിക്കും. വാർഡുകൾ ബാരിക്കേഡുകൾ വെച്ച് അടയ്ക്കുകായും ,വാർഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിക്കുകായും ചെയ്യും. രാത്രി 9 മണി മുതൽ രാവിലെ അഞ്ച് മണി വരെയുള്ള യാത്രകൾക്ക് പൂർണ നിരോധനമുണ്ട്. കൊടിയത്തൂർ പഞ്ചായത്തിൽ നിലവിൽ 322 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. ഇന്നലെ പഞ്ചായത്തിൽ 16 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 28 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു.