കട്ടൗട്ടുകൾക്ക് വിട; ഇക്കോ-ഫ്രണ്ട്ലി ‘മെഗാ’ പതാകയുമായി മുക്കം; ഇരുവഴിഞ്ഞി പുഴയ്ക്ക് കുറുകെ അർജന്റീനൻ ആവേശം തരംഗമാകുന്നു

മുക്കം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ നാടും നഗരവും കൂറ്റൻ കട്ടൗട്ടുകളും പ്ലാസ്റ്റിക് ഫ്ലക്സ് ബോർഡുകളും കൊണ്ട് നിറയുമ്പോൾ, തികച്ചും വ്യത്യസ്തവും പരിസ്ഥിതി സൗഹൃദവുമായ വേറിട്ടൊരു മാതൃകയുമായി മുക്കത്തെ അർജന്റീന ആരാധകർ. തുണിയിൽ തീർത്ത അർജന്റീനയുടെ ഏറ്റവും വലിയ പതാക ഇനി മുക്കത്തിന്റെ മണ്ണിൽ ചരിത്രമാകുന്നു. അരീക്കോട്-മുക്കം റോഡിലെ പാലത്തിന് സമീപം, പ്രകൃതിഭംഗി തുളുമ്പുന്ന ഇരുവഴിഞ്ഞി പുഴയ്ക്ക് കുറുകെയാണ് ആരാധകർ ഈ ഭീമൻ പതാക കെട്ടിയുയർത്തിയത്.

പരിസ്ഥിതി സൗഹൃദ ആശയം
ചുറ്റുപാടും മറ്റ് രാജ്യങ്ങളുടെയും പ്രിയ താരങ്ങളുടെയും ഫ്ലക്സ് ബോർഡുകൾ ഉയർന്നപ്പോൾ, പ്രകൃതിക്ക് ഒട്ടും ദോഷം വരാത്ത രീതിയിൽ എങ്ങനെ ഒരു വേറിട്ട ആവേശം തീർക്കാം എന്ന ചിന്തയിലാണ് ഫുട്ബോൾ ആരാധകരായ മനു മാരത്തും റഫീഖ് തോട്ടുമുക്കവും ഈ ആശയത്തിലേക്ക് എത്തിയത്. പരമ്പരാഗത ഫ്ലക്സ് രീതികളിൽ നിന്ന് മാറി, പൂർണ്ണമായും തുണിയിൽ ഒരു മെഗാ പതാക ഒരുക്കുക എന്ന ഇവരുടെ പരിസ്ഥിതി സൗഹൃദ ആശയം മുക്കത്തെ ജനങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

യുവാക്കളുടെ ഈ വേറിട്ട ആശയം അറിഞ്ഞതോടെ മുക്കത്തെ പ്രമുഖ ജ്വല്ലറിയായ ‘ദിയ ഗോൾഡ്’ ഇതിന്റെ മുഴുവൻ സാമ്പത്തിക ബാധ്യതകളും ഏറ്റെടുത്ത് സ്പോൺസർ ചെയ്യാൻ മുന്നോട്ടുവരികയായിരുന്നു. ഇതോടെ ആരാധകരുടെ ആവേശം ഇരട്ടിച്ചു. പതാക നിർമ്മാണത്തിനായി പ്രത്യേക തുണി തമിഴ്‌നാട്ടിലെ പ്രശസ്തമായ തിരുപ്പൂരിൽ നിന്നാണ് എത്തിച്ചത്. ഏതാണ്ട് 60 മീറ്റർ നീളവും 6 മീറ്റർ വീതിയുമുള്ള ഈ കൂറ്റൻ പതാക ഒടുവിൽ തുന്നിയെടുത്തു. ഇതിന് നടുവിലായി അർജന്റീനയുടെ ഔദ്യോഗിക സൂര്യമുദ്ര (എംബ്ലം) ഒരു ആർട്ടിസ്റ്റിനെ കൊണ്ട് ഏതാണ്ട് മൂന്ന് മണിക്കൂർ സമയമെടുത്ത് അതിമനോഹരമായി വരപ്പിച്ചു ചേർക്കുകയായിരുന്നു.

ഏറെ മണിക്കൂറുകൾ നീണ്ട കഠിന പ്രയത്നത്തിനൊടുവിലാണ് വലിയൊരു ആരാധകക്കൂട്ടം ചേർന്ന് പുഴയ്ക്ക് കുറുകെ ഈ പതാക സുരക്ഷിതമായി കെട്ടിയുയർത്തിയത്. പാലത്തിന് മുകളിലൂടെ പോകുന്ന യാത്രക്കാർക്കും നാട്ടുകാർക്കും ഒരേപോലെ വിസ്മയക്കാഴ്ചയായി മാറിയിരിക്കുകയാണ് ഈ അർജന്റീനൻ പതാക.നിലവിൽ ഈ അപൂർവ്വ ദൃശ്യം കാണാനും ചിത്രങ്ങൾ പകർത്താനുമായി നിരവധി ആളുകളാണ് മുക്കം പാലത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ചാനലുകളും വാർത്താ മാധ്യമങ്ങളും ഇതിനോടകം തന്നെ ഈ പരിസ്ഥിതി സൗഹൃദ ആവേശം റിപ്പോർട്ട് ചെയ്യാൻ മുക്കത്തേക്ക് എത്തിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലും ‘മുക്കത്തെ അർജന്റീന പതാക’ ഇപ്പോൾ വൻ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!