newsdesk
കടുത്തുരുത്തി: വീട്ടുകാരെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കാമുകൻ ബസ്റ്റ് സ്റ്റോപ്പിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ഞീഴൂർ സ്വദേശിനിയായ യുവതിയെയാണ് കാമുകൻ ബസ് സ്റ്റോപ്പിൽ ഉപേക്ഷിച്ചത്. ഇന്നലെ വൈകുന്നേരമാണ് മാഞ്ഞൂർ മാൻവെട്ടം ജംഗ്ഷനിലെ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കാമുകിയെ ഉപേക്ഷിച്ച് പത്തനംതിട്ട സ്വദേശിയായ യുവാവ് കടന്നു കളഞ്ഞത്. ഇതിന് പിന്നാലെ യുവതി കുഴഞ്ഞു വീഴുകയും ചെയ്തു.
കിഴക്കമ്പലത്തെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന യുവതി ഏതാനും ആഴ്ചകൾക്കു മുൻപാണു പത്തനംതിട്ട സ്വദേശിയായ യുവാവിനൊപ്പം പോയത്ച ഇന്നലെ ഉച്ചയോടെ മാൻവെട്ടം ജംക്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ യുവതിയും യുവാവും എത്തി. ഇരുവരും തമ്മിൽ സംസാരിച്ചിരിക്കുന്നതു നാട്ടുകാർ കണ്ടിരുന്നു.
ഇതിനിടയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും യുവാവ് യുവതിയെ ഉപേക്ഷിച്ച് കടന്നുകളയുകയുമായിരുന്നു. യുവതി കരഞ്ഞുകൊണ്ട് കാത്തിരിപ്പുകേന്ദ്രത്തിൽ ഇരിക്കുന്നതു കണ്ടു നാട്ടുകാരിൽ ചിലർ യുവതിയോട് കാര്യം അന്വേഷിച്ചെങ്കിലും യുവതി സംസാരിച്ചില്ല. തുടർന്നാണു നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്. ഇതിനിടയിൽ യുവതി കുഴഞ്ഞുവീണു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഞീഴൂരുള്ള യുവതിയുടെ അമ്മയെ പൊലീസ് വിളിച്ച് ആശുപത്രിയിലെത്താൻ ആവശ്യപ്പെട്ടെങ്കിലും എത്തിയില്ല. തുടർന്നു പൊലീസ് യുവതിയെ സമീപ പഞ്ചായത്തിലെ അഭയകേന്ദ്രത്തിലാക്കി.