ഐ.ജി ലക്ഷ്മണ ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരുടെ പേരിൽ വമ്പന്‍ തട്ടിപ്പ്; 1.10 ലക്ഷം കവർന്നു

തിരുവനന്തപുരം: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരിൽ സാമ്പത്തിക തട്ടിപ്പ്. ഐ.ജി ജി. ലക്ഷ്മണയുടെയും ഡിവൈ.എസ്.പി എം.ഐ ഷാജിയുടെയും പേര് ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പിനിരയായ തിരുവനന്തപുരം നഗരൂർ സ്വദേശി രഞ്ജിത്തിന് 1.10 ലക്ഷം രൂപയാണു നഷ്ടപ്പെട്ടത്.

പൗൾട്രി ഫാം നടത്തിവരുന്ന രഞ്ജിത്തിന് ഈ മാസം അഞ്ചിനാണ് ഫർണിച്ചർ ഇറക്കിനൽകാമെന്നു പറഞ്ഞ് ഫോണിൽ വിളിച്ച് ഒരാൾ ബന്ധപ്പെട്ടത്. ഫർണിച്ചർ സാധനങ്ങൾ തിരയുന്നതിനിടയിലായിരുന്നു സംഭവം. 1.10 ലക്ഷം രൂപ മുൻകൂറായി വേണമെന്നും ആവശ്യപ്പെട്ടു.

ഐ.ജി ലക്ഷ്മണയും ഡിവൈ.എസ്.പി ഷാജിയും തന്റെ സുഹൃത്തുക്കളാണെന്നും തന്നെ വിശ്വസിക്കാമെന്നും പറഞ്ഞു. അങ്ങനെ ഇന്ത്യൻ പോസ്റ്റ് വഴി ഈ തുക രഞ്ജിത്ത് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിനുശേഷം വീണ്ടും വിളിച്ച് 90,000ത്തോളം രൂപ ഡെലിവറി ചാർജായി വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെയാണു സംശയം തോന്നി ഇദ്ദേഹം പൊലീസിൽ പരാതി നൽകിയത്.

തുടർന്നു നടത്തിയ അന്വേഷണത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു ബന്ധവുമില്ലാത്തയാളാണു തട്ടിപ്പിനു പിന്നിലെന്നു വ്യക്തമായത്. ഉദ്യോഗസ്ഥരുടെ ഐ.ഡി കാർഡ് ഉൾപ്പെടെ കാണിച്ചായിരുന്നു തട്ടിപ്പ് എന്ന് പരാതിക്കാരൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
%d