പെൺകുട്ടികളുടെ ശരീരഭാഗങ്ങളില്‍ നാണയം വച്ച് പൂജ; അച്ഛന്‍ സ്വാമി പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ അകത്ത്

Web Desk

അത്ഭുതസിദ്ധിയുണ്ടെന്ന് പറഞ്ഞ് ആഭിചാരക്രിയകള്‍ ചെയ്തു വന്നിരുന്ന സ്വാമി പോക്‌സോ കേസില്‍ അറസ്റ്റില്‍. വിശ്വാസികള്‍ അച്ഛന്‍ സ്വാമി എന്നു വിളിക്കുന്ന തൃശൂര്‍ കുണ്ടൂര്‍ സ്വദേശി മഠത്തിലാന്‍ രാജീവാണ് അറസ്റ്റിലായത്. പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. പെണ്‍കുട്ടികളുടേയും സ്ത്രീകളുടേയും ശരീരഭാഗങ്ങളില്‍ നാണയം വച്ചായിരുന്നു പൂജകളെന്ന് വിശ്വാസികള്‍ പൊലീസിനോട് പറഞ്ഞു. വീട്ടില്‍തന്നെയുളള ക്ഷേത്രത്തില്‍ തന്നെയായിരുന്നു മന്ത്രവാദവും ക്രിയകളും. പൂജ സമയത്ത് അച്ഛന്‍ എന്നു മാത്രമേ വിളിക്കാവൂവെന്ന് വിശ്വാസികളോട് നിര്‍ദ്ദേശം നല്‍കിയിരുന്നു. യൂട്യൂബില്‍ വരെ പരസ്യം ചെയ്തായിരുന്നു ഇടപാടുകള്‍.

സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും ആളുകള്‍ തേടി വന്നിരുന്നു. അതിനാല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ ഭക്തരെന്ന വ്യാജേന പ്രതിയുടെ ക്ഷേത്രത്തില്‍ പ്രവേശിക്കുകയായിരുന്നു. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് മുങ്ങാന്‍ ശ്രമിക്കുമ്ബോഴാണ് നാടകീയമായ അറസ്റ്റ്. മാള ഇന്‍സ്‌പെക്ടര്‍ സജിന്‍ ശശിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

നേരത്തെ കല്‍പ്പണിക്കാരനായിരുന്നു രാജീവ്. പിന്നെയാണ്, മന്ത്രവാദത്തിലേക്ക് നീങ്ങിയത്.
സാധാരണക്കാരായി ജീവിച്ചിരുന്ന പ്രതി ചുരുങ്ങിയ കാലം കൊണ്ട് വലിയ സാമ്പത്തിക വളര്‍ച്ച സ്വന്തമാക്കി. ആഡംബര വാഹനങ്ങളും സ്വന്തമാക്കി. പലരില്‍ നിന്നും പണം കടം വാങ്ങി തിരിച്ചു നല്‍കാനുണ്ടെന്ന് പൊലീസിന് വിവരം കിട്ടി.

error: Content is protected !!