സ്‌കൂൾ പ്രവേശനോത്സവത്തിൽ ഒരേ സ്കൂളിൽ ,ഒരേ ക്ലാസ്സിൽ പഠിക്കാനായി അവർ നാല് സഹോദരങ്ങൾ എത്തിയപ്പോൾ മലപ്പുറം ചീക്കോട് കെ.കെ.എം.എച്ച്.എസ് സ്‌കൂളിന്റെ ചരിത്രത്തിൽ പിറന്നത്അപൂർവ്വ സംഗമം

മലപ്പുറം : ഈ വർഷത്തെ സ്‌കൂൾ പ്രവേശനോത്സവത്തിൽ മലപ്പുറത്തു നിന്ന് തികച്ചും വേറിട്ടതും കൗതുകമുണർത്തുന്നതുമായ ഒരു വാർത്ത.ഒറ്റപ്രസവത്തിൽ ജനിച്ച നാല് സഹോദരങ്ങൾ ഒരേ ദിവസം, ഒരേ സ്‌കൂളിൽ, ഒരേ ക്ലാസ്സിൽ പഠിക്കാനായി എത്തിയിരിക്കുകയാണ്. മലപ്പുറം ചീക്കോട് കെ.കെ.എം.എച്ച്.എസ്.എസിലാണ് അധ്യാപകരെയും സഹപാഠികളെയും ഒരേപോലെ അത്ഭുതപ്പെടുത്തിയ ഈ അപൂർവ്വ സംഗമം നടന്നത്.

മലപ്പുറം ചീക്കോട് വെട്ടുപാറ സ്വദേശികളായ നസീം – ഷഫീന ദമ്പതികളുടെ മക്കളായ ദിൽന ഫാത്തിമ, ദിൽഷ ഫാത്തിമ, മുഹമ്മദ് നജിം, മുഹമ്മദ് നാസിം എന്നിവരാണ് ഈ കൊച്ചുമിടുക്കർ. എട്ടാം ക്ലാസ്സിലേക്കാണ് ഈ നാല് പേരും ഒരുമിച്ച് അഡ്മിഷൻ എടുത്തിരിക്കുന്നത്. നാലുപേരും ഒരേ ഡിവിഷനിൽ ഒരേ ബെഞ്ചിലിരുന്ന് ഇനി പഠിക്കും എന്നതുതന്നെയാണ് ഈ പ്രവേശനോത്സവത്തിലെ ഏറ്റവും വലിയ കൗതുകം.

സ്‌കൂളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരേ വീട്ടിൽ നിന്ന്, ഒരേ പ്രായമുള്ള നാല് കുട്ടികൾ ഒന്നിച്ച് ഒരേ ക്ലാസ്സിൽ പഠിക്കാനെത്തുന്നത്. അതുകൊണ്ടുതന്നെ വലിയ ആഘോഷത്തോടെയും സ്നേഹത്തോടെയുമാണ് അധ്യാപകരും പി.ടി.എയും ചേർന്ന് ഇവരെ വരവേറ്റത്.

കളിയിലും ചിരിയിലും മാത്രമല്ല, ഇനി പഠനത്തിലും ഇവർ ഒന്നിച്ച് മുന്നേറും. ഒരു ക്ലാസ്സ് മുറിയിലെ ഈ നാല് നക്ഷത്രങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുകയാണ് ചീക്കോട് സ്കൂളിലെ അധ്യാപകരും നാട്ടുകാരും.

error: Content is protected !!