കയാക്കിങ് ഏഷ്യൻ ഗെയിംസ് ക്യാമ്പ് പുലിക്കയത്ത്; ഈ വർഷത്തെ ഫെസ്റ്റിവലിലൂടെ കോടഞ്ചേരി അന്താരാഷ്ട്ര ഭൂപടത്തിൽ ഇടംപിടിക്കുമെന്ന് സി.കെ കാസിം എം.എൽ.എ

കോടഞ്ചേരി : വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിന് മുന്നോടിയായുള്ള ഇന്ത്യൻ നാഷണൽസിന്റെ റാങ്കിങ് സിസ്റ്റവും ഔദ്യോഗിക കോച്ചിങ് ക്യാമ്പും ഇത്തവണ കോടഞ്ചേരി പുലിക്കയത്ത് വെച്ച് നടക്കും. ജൂലൈ 30 മുതൽ ഓഗസ്റ്റ് 2 വരെ നടക്കുന്ന പന്ത്രണ്ടാം എഡിഷൻ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് രാജ്യത്തെ മികച്ച താരങ്ങൾ പങ്കെടുക്കുന്ന ഈ ദേശീയ ക്യാമ്പ് അരങ്ങേറുന്നത്. ഇത്തവണത്തെ വിപുലമായ സംഘാടനത്തിലൂടെ കോടഞ്ചേരി ലോകത്തിന്റെ കായിക-ടൂറിസം ഭൂപടത്തിൽ കൃത്യമായി അടയാളപ്പെടുത്തപ്പെടുമെന്ന് തിരുവമ്പാടി എം.എൽ.എ സി.കെ കാസിം വ്യക്തമാക്കി. തികച്ചും അന്താരാഷ്ട്ര നിലവാരത്തിലായിരിക്കും ഇത്തവണത്തെ ഒരുക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്തവണത്തെ ഏഷ്യൻ ഗെയിംസ് ലക്ഷ്യമിട്ടുള്ള ഇന്ത്യൻ ടീമിന്റെ നിർണായകമായ റാങ്കിങ് മത്സരങ്ങളും പരിശീലനവും പുലിക്കയത്ത് നടക്കുമെന്നും, പത്തിലധികം വിദേശതാരങ്ങൾ ഇതിനോടകം തന്നെ മേളയ്ക്കായി രജിസ്റ്റർ ചെയ്തുകഴിഞ്ഞതായും, വരും ദിവസങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര താരങ്ങൾ പങ്കാളിത്തം ഉറപ്പാക്കുമെന്നും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ATPC) സി.ഇ.ഓ ബിനു കുര്യാക്കോസ് പറഞ്ഞു .

മേളയുടെ സുഗമമായ നടത്തിപ്പിനായി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ വെച്ച് പന്ത്രണ്ടാമത് മലബാർ റിവർ ഫെസ്റ്റിവൽ വിവിധ സബ് കമ്മിറ്റികളുടെ അവലോകനവും രൂപീകരണ യോഗവും നടന്നു.

തിരുവമ്പാടി എം.എൽ.എ സി.കെ കാസിം അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരും ജനപ്രതിനിധികളും ഭാരവാഹികളും, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. മേളയോടനുബന്ധിച്ച് വിവിധ ഗ്രാമപഞ്ചായത്തുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന അനുബന്ധ ഇവന്റുകൾ നടത്താനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.


ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ മാളവിക ജി. നായർ മുഖ്യാതിഥിയായിരുന്നു. കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ കൗൺസിൽ (ATPC) സി.ഇ.ഓ ബിനു കുര്യാക്കോസ് ചടങ്ങിൽ പദ്ധതി വിശദീകരണം നടത്തി. ദേശീയ-അന്തർദേശീയ തലത്തിലുള്ള പ്രമുഖ കായക്കർമാർ ഒന്നിച്ചെത്തുന്നതോടെ കോടഞ്ചേരിയുടെയും മലബാറിന്റെയും ടൂറിസം വികസനത്തിൽ വലിയൊരു കുതിച്ചുചാട്ടത്തിനാകും ഈ വർഷത്തെ കയാക്കിംഗ് മേള സാക്ഷ്യം വഹിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!