മാഹിയിലെ പെട്രോള്‍ പമ്പില്‍നിന്ന് പണവുമായി കടന്നുകളഞ്ഞപമ്പ് ജീവനക്കാരന്‍ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയില്‍ ഡല്‍ഹിയില്‍ പിടിയില്‍

newsdesk

മാഹി: മാഹിയിലെ പെട്രോള്‍ പമ്പില്‍നിന്ന് പണവുമായി കടന്നുകളഞ്ഞ ജീവനക്കാരന്‍ പിടിയില്‍. മാഹിയിലെ മയ്യഴി പെട്രോളിയത്തില്‍ ജീവനക്കാരനായി ജോലിചെയ്തിരുന്ന വയനാട് നടവയല്‍ കാരിക്കുന്നേല്‍ കെ.സി ഷൈലനെ (ബെണി -51) യാണ് പോലീസ് അറസ്റ്റു ചെയ്തത്. മാഹി സി.ഐ ആര്‍ ഷണ്‍മുഖന്റെ നേതൃത്വത്തിലുള്ള സംഘം ഡല്‍ഹിയില്‍വെച്ചാണ് ഇയാളെ പിടികൂടിയത്.

പലസ്ഥലങ്ങളിലായി ഒളിവില്‍ താമസിച്ച ഇയാളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് പ്രതിയെ ഒക്ടോബര്‍ 27ന് അറസ്റ്റു ചെയ്തത്. സെപ്റ്റംബര്‍ ഒമ്പതിനായിരുന്നു കേസിനാസ്പദമായ സംഭവം.

പമ്പില്‍ ജോലിക്കെത്തിയ ആദ്യദിനം തന്നെ ലഭിച്ച മുഴുവന്‍ കലക്ഷനായ 1,51,000 രൂപയുമായി ഇയാള്‍ കടന്നു കളയുകയായിരുന്നു. തുടര്‍ന്ന് സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഇയാളെ തിരിച്ചറിയുകയായിരുന്നു. മൊബൈല്‍ ടവര്‍ ലൊക്കേഷനില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മാഹി പൊലീസ് ഡല്‍ഹില്‍ എത്തുകയും ബദല്‍പൂറില്‍ നിന്ന് സാഹസികമായി ഇയാളെ പിടികൂടുകയുമായിരുന്നു.

നിരവധി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് മാഹി പൊലീസ് സൂപ്രണ്ട് രാജശേഖര്‍ വെള്ളാട്ട് പറഞ്ഞു. മാഹി എസ്.ഐ റെനില്‍ കുമാര്‍, എ.എസ്.ഐ കിഷോര്‍കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ ശ്രീജേഷ്, കോണ്‍സ്റ്റബിള്‍ റോഷിത്ത് പാറേമ്മല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മാഹി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

error: Content is protected !!