കുന്ദമംഗലം,പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ കെട്ടിടം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു

കുന്ദമംഗലം: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.9 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ കെട്ടിടം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നൂറ് വര്‍ഷം തികയ്ക്കുന്ന പെരിങ്ങൊളം ഗവ. ഹയര്‍ സെക്കന്‍ററി സ്കൂള്‍ യു.പി സെക്ഷന്‍ പെരിങ്ങൊളം ജംഗ്ഷനിലും ഹൈസ്കൂളും ഹയര്‍ സെക്കന്‍ററിയും മറ്റൊരിടത്തുമായാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഹൈസ്കൂള്‍ വിഭാഗം കൂടി യു.പി വിഭാഗം ഉള്ളിടത്തേക്ക് കൊണ്ടുവരുന്നതിന്‍റെ ഭാഗമായി സ്കൂള്‍ പി.ടി.എ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പി.ടി.എ റഹീം എം.എല്‍.എയുടെ ശ്രമഫലമായാണ് പുതിയ കെട്ടിടത്തിന് കിഫ്ബിയില്‍ നിന്ന് തുക അനുവദിച്ചിരുന്നത്. നേരത്തെ എം.എല്‍.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച 1 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഇപ്പോള്‍ യു.പി സെക്ഷന്‍ ക്ലാസുകള്‍ നടന്നുവരുന്നത്. സ്കൂളിന്‍റെ കോമ്പൗണ്ട് വാളും ഗേറ്റും നിര്‍മ്മിച്ചതും എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ്.


ഇപ്പോള്‍ നിര്‍മ്മാണം പൂര്‍ത്തിയായ 3 നിലയുള്ള കെട്ടിടത്തില്‍ 9 ക്ലാസ് റൂമുകള്‍, സയന്‍സ്, മാത്‍സ് , സോഷ്യല്‍, ലാംഗ്വേജ് എന്നിവക്കായുള്ള ലാബുകള്‍, ഡൈനിംഗ് ഹാള്‍, ലൈബ്രറി, സ്റ്റാഫ് റൂം, പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയിലറ്റുകൾ , ഭിന്നശേഷിക്കാര്‍ക്കുള്ള ടോയിലറ്റുകൾ എന്നിവയാണ് സജീകരിച്ചിട്ടുള്ളത് .

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ഫസീല അദ്ധ്യക്ഷത വഹിച്ചു. വിദ്യാകിരണം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി. പ്രവീണ്‍കുമാര്‍ പദ്ധതി വിശദീകരണം നല്‍കി. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആര്‍.വി ജാഫര്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍ എ.കെ അജിത് പ്രസാദ്, കോഴിക്കോട് റൂറല്‍ എ.ഇ.ഒ കുഞ്ഞിമൊയ്തീന്‍ കുട്ടി, മാവൂര്‍ ബി.പി.സി ജോസഫ്, എസ്.എം.സി ചെയര്‍മാന്‍ എം. ഷുക്കൂര്‍, എം.പി.ടി.എ പ്രസിഡണ്ട് ആര്‍.വി സജ്ന, പി.ടി.എ വൈസ് പ്രസിഡണ്ട് ദിവ്യ മനോജ്, പ്രിന്‍സിപ്പാള്‍ എം.പി ശ്രീവിദ്യ, വി.പി ലെനീഷ്, സി.വി. ഉസ്മാന്‍, വി.സി സേതുമാധവന്‍, കെ.പി സബീഷ്, അര്‍ജുന്‍ എടക്കണ്ടി, പി.ആര്‍ അരുണ്‍, സുരേഷ് ബാബു, മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ചിത്ര വാസു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് എം.പി ബൈജു സ്വാഗതവും ഹെഡ്മിസ്ട്രസ്സ് വി.ആര്‍ ആശ സിന്ധു നന്ദിയും പറഞ്ഞു.

error: Content is protected !!