
newsdesk
മുക്കം : സംസ്ഥാനത്തിൻ്റെ സ്വപ്‌നപദ്ധതിയായ ആനക്കാംപൊയിൽ–കളളാടി-മേപ്പാടി തുരങ്കപാത നിർമാണത്തിലെ സുപ്രധാന ചുവടുവയ്പ്‌പായ പാറ തുരക്കൽ വെള്ളിയാഴ്ച തുടങ്ങും. പകൽ 11ന് ആനക്കാംപൊയിൽ മറിപ്പുഴ പദ്ധതി പ്രദേശത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യ ബ്ലാസ്റ്റിങ് സ്വിച്ച് ഓൺ ചെയ്യും.
അപകട സാധ്യത മുൻനിർത്തി കനത്തസുരക്ഷ ക്രമീകരണങ്ങളാണ് അധികൃതഏർപ്പെടുത്തിയിരിക്കുന്നത്. മാധ്യമ പ്രവർത്തകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ ഉൾപ്പെടെ നൂറ് പേർക്ക് മാത്രമാണ് സ്ഥലത്തേക്ക് പ്രവേശനം ഉള്ളൂ. ഈ ആളുകളുടെ തന്നെ പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. ബാക്കി മുഴുവനാളുകൾക്കും പാറപൊട്ടിക്കൽ, അനുബന്ധ പരിപാടികൾ എന്നിവ കാണുന്നതിന് ആനക്കാംപൊയിൽ സ്കൂളിൽ സൗകര്യമൊരുക്കിയിട്ടുണ്ടന്ന് അധികൃതർ വ്യക്തമാക്കി.
തുരങ്ക പാതക്ക്കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിൻ്റെ സ്റ്റേജ് 2 ക്ലിയറൻസ് ലഭ്യമായത് കഴിഞ്ഞ ആഴ്ചയായാണ്.ഇതോടെ തുരങ്ക പാത നിർമ്മാണവുമായി ബന്ധപ്പെട്ട മുഴുവൻ അനുമതിയും ലഭ്യമായിട്ടുണ്ട്.
നിലവിൽ ആനക്കാംപൊയിൽ ഭാഗത്ത് സമീപന റോഡ് പ്രവൃത്തി ഏകദേശം പൂർത്തിയായിട്ടുണ്ട്. മേപ്പാടി ഭാഗത്ത് പ്രവൃത്തി പുരോഗമിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ പാലം പ്രവൃത്തിയും പുരോഗമിക്കുകയാണ്.
പാറതുളയ്ക്കുന്നതിനുള്ള ഭീമൻയന്ത്രം നേരത്തെ മേപ്പാടിയിലെത്തിയിരുന്നു. സാൻഡ് വിക് കമ്പനിയുടെ സർഫസ് ടോപ്പ് ഹാമർ ഡ്രിൽ റിഗ്ഗർ എന്നുപേരുള്ള ഭീമൻയന്ത്രമാണ് വയനാട്ടിലെത്തിയത്. തുരങ്കപാത നിർമിക്കുമ്പോൾ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് പാറപൊട്ടിക്കുന്നതിന് കൃത്യമായ ദ്വാരങ്ങളുണ്ടാക്കുകയാണ് യന്ത്രങ്ങളുടെ ദൗത്യം. ഋഷികേശിൽനിന്ന് റോഡുമാർഗമാണ് യന്ത്രങ്ങൾ എത്തിച്ചത്.
തുരങ്കപാത യാഥാർഥ്യമാകുന്നതോടെ മലബാറിന്റെതന്നെ വികസനക്കുതിപ്പിനാകും നാഴികക്കല്ലാകുക. കഴിഞ്ഞ ഓഗസ്റ്റ് 31-ന് ആനക്കാംപൊയിലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതിയുടെ നിർമാണപ്രവൃത്തി ഉദ്ഘാടനംചെയ്തത്. ആനക്കാംപൊയിലിൽനിന്ന് കേവലം 22 കിലോമീറ്റർകൊണ്ട് മേപ്പാടിയിലെത്താനാകും.
നാലുവർഷംകൊണ്ട് പദ്ധതി യാഥാർഥ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ പറഞ്ഞു. ഏതു കാലാവസ്ഥയിലും സുഗമമായ സഞ്ചാരമാർഗമെന്നതാണ് പാതയുടെ സവിശേഷത. താമരശ്ശേരി ചുരത്തിന്റെ ബദലായാണ് നാലുവരി തുരങ്കപാത. ചുരത്തിലെ സങ്കീർണമായ ഗതാഗതപ്രശ്നത്തിന് വലിയ അളവിൽ ആശ്വാസമാകുന്നതാണ് തുരങ്കപാത. കോഴിക്കോട്, വയനാട് ജില്ലകളിലെ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി സമീപനപാത ഉൾപ്പെടെ 8.73 കിലോമീറ്റർ നീളമുള്ള നാലുവരി തുരങ്കപാതയാണ് പദ്ധതി. വയനാട്ടിൽ മേപ്പാടി-കള്ളാടി-ചൂരൽമല റോഡുമായാണ് (എസ്എച്ച്-59) തുരങ്കപാതയെ ബന്ധിപ്പിക്കുന്നത്. മറിപ്പുഴ-മുത്തപ്പൻപുഴ-ആനക്കാംപൊയിൽ റോഡുമായാണ് കോഴിക്കോട് ജില്ലയിൽ ബന്ധിപ്പിക്കുന്നത്. തുരങ്കപാത ആരംഭിക്കുന്ന മറിപ്പുഴയിലേക്ക് മലയോര ഹൈവേയിൽനിന്ന് പത്തുകിലോമീറ്റർമാത്രമാണ് ദൂരം.
കേരള പൊതുമരാമത്ത് വകുപ്പിനാണ് പദ്ധതിയുടെ മേൽനോട്ടച്ചുമതല. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിൽനിന്ന് ലഭ്യമാക്കുന്ന ഫണ്ട് ഉപയോഗിച്ചാണ് നിർമാണം. പദ്ധതിയുടെ നിർവഹണത്തിനുമുള്ള പെഷ്യൽ പർപ്പസ് വെഹിക്കിൾ (എസ്പിവി) കൊങ്കൺ റെയിൽവേ കോർപ്പറേഷൻ ലിമിറ്റഡാണ്. തുരങ്കപാതയുടെ നിർമാണക്കരാർ ഭോപാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദിലിപ് ബിൽഡ്കോൺ കമ്പനിക്കും മറിപ്പുഴയിൽ ഇരുവഞ്ഞിപ്പുഴയ്ക്കുകുറുകെ നിർമിക്കുന്ന നാലുവരി ആർച്ച് സ്റ്റീൽ പാലത്തിന്റെ കരാർ പുനിയ കൺസ്ട്രക്‌ഷൻ കമ്പനിക്കുമാണ്.2134 കോടിരൂപയാണ് പദ്ധതിച്ചെലവ്.